നെയ്യാറ്റിന്‍കര: തിരുവനന്തപുരം റവന്യൂ ജില്ലയിലെ അയ്യായിരത്തോളം ശാസ്ത്രപ്രതിഭകളെ സ്വീകരിക്കാന്‍ നെയ്യാറ്റിന്‍കര ഒരുങ്ങുന്നു.നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലയിലെ എട്ടു വിദ്യാലയങ്ങളിലായി നടക്കുന്ന റവന്യൂ ജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേള മികവുറ്റ രീതിയില്‍ നടത്താനാണ് സംഘാടകരുടെ പ്രയത്നം.
തിരുവനന്തപുരത്ത് ഇന്നലെ സമാപിച്ച സംസ്ഥാന സ്കൂള്‍ കായിക മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സജീവമായിരുന്ന തിരുവനന്തപുരം ജില്ലയിലെ അധ്യാപകര്‍ നാളെ മുതല്‍ മൂന്നു ദിവസം ശാസ്ത്രമേളയുടെ തിരക്കില്‍ വ്യാപൃതരാകും. നെയ്യാറ്റിൻകര ഗവ. ബോയ്സ് എച്ച്എസ്എസ്, ഗവ. ഗേൾസ് എച്ച്എസ്എസ്, സെന്റ് തെരേസാസ് കോൺവന്റ് സ്കൂൾ, വിദ്യാധിരാജ വിദ്യാനിലയം സ് കൂൾ, അമരവിള എൽഎംഎസ് എൽപിഎസ്, എൽഎംഎസ് എച്ച്എസ്എസ്, സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ് കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.
ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന കൊല്ലം മേഖല വൊക്കേഷണൽ ഹയർസെക്കന്‍ഡറി സ്കിൽ ഫെസ്റ്റ് ഇപ്രാവശ്യത്തെ മേളയുടെ മാറ്റു കൂട്ടും. ശാസ്ത്രമേളയിൽ എച്ച്എസ് എച്ച്എസ്എസ് വിഭാഗങ്ങളിലെ ഒന്‍പത് ഇനങ്ങളിലായി 888 വിദ്യാര്‍ഥികളും ഗണിത ശാസ്ത്രമേളയിൽ 18 ഇനങ്ങളിലായി 742 പേരും സാമൂഹ്യ ശാസ്ത്ര മേളയിൽ 20 ഇനങ്ങളിലായി 450 പേരും പ്രവൃത്തി പരിചയ മേളയിൽ 70 ഇനങ്ങളിലായി 1680 പേരും ഐ.ടി മേളയിൽ14 ഇനങ്ങളിലായി 288 പേരും മത്സരാര്‍ഥികളായി എത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഹയർസെക്കന്‍ഡറി (വൊക്കേഷണൽ) വിഭാഗം എൻഎസ്ക്യൂഎഫ് കോഴ് സുകളിലെ വിദ്യാർഥികൾ പഠനപ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജിച്ചെടുത്ത തൊഴിൽ നൈപുണികളുടെ പ്രദർശനവും മാറ്റുരക്കലുമാണ് കൊല്ലം മേഖല സ്കിൽ ഫെസ്റ്റ്.
റോബോജീനിയസ് ചലഞ്ച്, കേക്ക് ഡെക്കറേറ്റിംഗ്, സ്പോട്ട് ഫോട്ടോഗ്രാഫി, ഗ്രാഫിക് ഡിസൈനിംഗ്, ടെറേറിയം, മെഹന്തി ഡിസൈനിംഗ് തുടങ്ങി നൂതനവും വൈവിധ്യo നിറഞ്ഞതുമായ 19 തത്സമയ മത്സരങ്ങളാണ് നടക്കുന്നത്. ഇന്നോവിഷൻ, സ്കിൽക്രാഫ്റ്റ്, സ്കിൽസെർവ് എന്നീ മൂന്ന് വിഭാഗങ്ങളിലായി വിദ്യാര്‍ഥികൾ കോഴ്സുകളുമായി ബന്ധപ്പെട്ട നൈപുണികൾ പ്രദർശിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് സ്കില്‍ ഫെസ്റ്റിലെ പ്രദർശനങ്ങൾ കാണാന്‍ സൗകര്യമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
Tags :