വടശേരിക്കര: തെരുവുവിളക്ക് തെളിയിക്കുന്നതിന് ആവശ്യമായ ബൾബുകൾ വിതരണം ചെയ്യുന്നതിൽ പക്ഷപാതം കാണിച്ചുവെന്നാരോപിച്ച പ്രതിഷേധിച്ച വാർഡ് മെംബറെ പഞ്ചായത്ത് സെക്രട്ടറി ഓഫീസിനുള്ളിൽ പൂട്ടിയിട്ടതായി പരാതി. വടശേരിക്കര പഞ്ചായത്തിലെ അഞ്ചാം വാർഡ് മെംബറായ ജോർജ് കുട്ടി വാഴപ്പിള്ളേത്തിനെയാണ് പഞ്ചായത്ത് ഓഫീസ് മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി ഉയർന്നത്.
സംഭവത്തേത്തുടർന്ന് പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും പിന്നീട് രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയുമായിരുന്നു. തന്റെ വാർഡിലേക്ക് ആവശ്യമായ ബൾബുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മെംബറോടു സെക്രട്ടറി ധിക്കാരപരമായി പെരുമാറിയതാണ് പ്രതിഷേധത്തിനു കാരണമായത്.
മെംബർ പ്രതിഷേധം തുടങ്ങിയതോടെ, അദ്ദേഹത്തെ കാബിനിലേക്ക് വിളിച്ചു സംസാരിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ, മെംബറെ മുറിയിലാക്കി സെക്രട്ടറി പുറത്തുനിന്ന് പൂട്ടിയിട്ടതായാണ് പരാതി. കൂടാതെ, ഓഫീസ് ആക്രമിച്ചതിന് കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മെംബർ ആരോപിക്കുന്നു. സംഭവങ്ങൾ മെംബർ തത്സമയം ഫേസ്ബുക്കിലൂടെ പുറംലോകത്തേക്ക് എത്തിച്ചതോടെ പഞ്ചായത്ത് ഓഫീസിലേക്ക് ആളുകളും എത്തി.
വനാതിർത്തി കൂടി പങ്കിടുന്ന വാർഡിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും വെളിച്ചമില്ലാത്തതു സംബന്ധിച്ച് നേരത്തെയും പരാതികളുന്നയിച്ചിരുന്നതാണെന്ന് മെംബർ ജോർജുകുട്ടി വാഴപ്പിള്ളേത്ത് പറഞ്ഞു. നിരവധി വനവാസി കോളനികളും വാർഡ് പരിധിയിലുണ്ട്. പ്രദേശത്തെ വഴിവിളക്കുകൾക്ക് ബൾബ് തരാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമുണ്ടെങ്കിലും സെക്രട്ടറി തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
സന്ധ്യാസമയങ്ങളിൽ കാട്ടാന, കടുവ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തിൽ, തെരുവുവിളക്കുകൾ ഒരു പരിധിവരെ പരിഹാരമാണ്. എന്നാൽ ഇത് മനസിലാക്കാതെ സെക്രട്ടറി പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നാണ് മെംബറുടെയും പ്രദേശവാസികളുടെയും പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പ്രദേശത്ത് പോത്തിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം വന്യമൃഗ ശല്യത്തിൻ്റെ തീവ്രത വർധിപ്പിച്ചിരിക്കുകയാണ്.
തന്നെ പൂട്ടിയിട്ടശേഷം പോലീസിൽ കള്ളക്കേസ് എടുപ്പിക്കാൻ സെക്രട്ടറി ശ്രമിച്ചതായും വാർഡ് മെംബർ ആരോപിച്ചു. എന്നാൽ സ്ഥലത്തെത്തിയ പോലീസ്, കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ സെക്രട്ടറിയോട് നിർദേശിച്ച. ഇതോടെ മെംബർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. തുടർന്ന് നേതാക്കൾ ഇടപെട്ട് ചർച്ച നടത്തുകയായിരുന്നു. രണ്ട് ദിവസങ്ങൾക്കകം വടശേരിക്കര അഞ്ചാം വാർഡിലേക്ക് ആവശ്യമുള്ള ബൾബുകൾ നൽകാമെന്ന് സെക്രട്ടറി അറിയിച്ചതിനേ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
Tags : bulb nattuvishesham local