മാനന്തവാടി: മാനന്തവാടി നഗരസഭയുടെ പുതിയ ഓഫീസും നഗരസഭയുടെ കീഴിലുള്ള പിലാക്കാവ് അടിവാരം ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ പുതിയ ബ്ലോക്കും നാളെ പ്രിയങ്കാഗാന്ധി എംപി ഉദ്ഘാടനം ചെയ്യും.
ഒരുക്കങ്ങൾ പൂർത്തിയായതായി ഭരണസമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ ഓഫീസ് രാവിലെ 10.30നും ആരോഗ്യകേന്ദ്രം പുതിയ ബ്ലോക്ക് 11.30നുമാണ് ഉദ്ഘാടനം ചെയ്യുക. മാനന്തവാടി ക്ലബ്ബുകുന്നിലാണ് നഗരസഭാ ഓഫീസിനു പുതിയ കെട്ടിടം നിർമിച്ചത്.
നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗിച്ച് 15,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഐസിഡിഎസ്, കുടുംബശ്രീ, ഹരിതകർമ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവൻ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴിൽ വരും. കോണ്‍ഫറൻസ് ഹാൾ, ആയിരത്തോളംപേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയം, കാന്റീൻ എന്നിവ അടുത്ത ഘട്ടത്തിൽ ഓഫീസിന്റെ ഭാഗമായി നിർമിക്കും. ലിഫ്റ്റ് സംവിധാനവും സജ്ജീകരിക്കും.
ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹകരണത്തോടെയാണ് രണ്ടുവർഷം മുന്‍പ് ഗ്രാമപ്രദേശമായ പിലാക്കാവ് അടിവാരത്ത് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. പത്തു കിടക്കകൾ ഇടാനുള്ള സൗകര്യം, ലബോറട്ടറി, ഇസിജി യൂണിറ്റ് എക്സ്റേ, ഫിസിയോ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കുന്നതിനു 35 ലക്ഷം രൂപ ചെവഴിച്ചാണ് പുതിയ കെട്ടിടം സജ്ജമാക്കിയത്. നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി.എസ്. മൂസ, ലേഖാ രാജീവൻ, സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർമാരായ പി.വി. ജോർജ്, വി.യു. ജോയി, സ്മിത തോമസ്, ടിജി ജോണ്സണ്, ബി.ഡി. അരുണ്‍കുമാർ, ലൈലാ സജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്
Tags :