കൊല്ലം: ‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന പഴമൊഴിക്ക് പകരം ‘ഇല്ലം കട്ടവനെ കൊല്ലത്തിന് വേണ്ട' എന്ന് കൊല്ലം നഗരവാസികള്‍ മാറ്റി ചൊല്ലുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. അഴിമതിയും ദുര്‍ഭരണവും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മൂലം കൊല്ലം കോര്‍പറേഷന്റെ ഭരണസംവിധാനം അധപതിച്ച സാഹചര്യത്തിലാണ് നഗരവാസികള്‍ പഴമൊഴിക്ക് പകരം പുതുമൊഴി ചൊല്ലുന്നതെന്ന് പ്രേമചന്ദ്രന് പറഞ്ഞു. കൊല്ലം നഗരസഭയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നയിക്കുന്ന കുറ്റവിചാരണ യാത്രയുടെ രണ്ടാം ദിവസം പുന്തലതാഴത്ത് നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.
കൊല്ലം നഗരത്തില്‍ എല്‍ഡിഎഫ് നടത്തിയ ദീര്‍ഘവീക്ഷണവും ആസൂത്രണവുമില്ലാത്ത ഭരണം നഗരത്തിലെ ജനജീവിതം നരകതുല്ല്യമാക്കി. നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതി പോലും നടപ്പാക്കാന്‍ പരാജയപ്പെട്ടതായും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ നേതൃത്വത്തിലുളള കുറ്റവിചാരണ യാത്രയില്‍ ജാഥാംഗങ്ങളായ അഡ്വ.ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ്, യൂനുസ് എന്നിവര്‍ പങ്കെടുത്തു. പുന്തലതാഴം, പളളിമുക്ക്, കൂട്ടിക്കട, ഇരവിപുരം, തുമ്പറ, പോളയത്തോട് എന്നിവിടങ്ങളില്‍ കുറ്റവിചാരണ യാത്രയ്ക്ക് സ്വീകരണം നല്കി.
പാലത്തറ രാജീവിന്റെ അധ്യക്ഷതയില്‍ പുന്തലത്താഴത്ത് നടന്ന സ്വീകരണ യോഗത്തില്‍ അഡ്വ. എ. ഷാനവാസ്ഖാന്, ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, അഡ്വ. ബേബിസണ്‍, വിപിനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :