പത്തനംതിട്ട: ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകൾക്കുള്ള വിജ്ഞാപനം നവംബർ ആദ്യവാരം ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ സീറ്റു വിഭജന കൂടിയാലോചനകൾക്ക് അനൗപചാരിക തുടക്കം. മുന്നണികളും പാർട്ടികളും ഔപചാരിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും വാർഡുകൾ സംബന്ധിച്ച ധാരണകൾ പ്രാഥമികതലത്തിൽ രൂപപ്പെടുത്താനുള്ള ശ്രമമുണ്ട്. യുഡിഎഫിലും എൽഡിഎഫിലും ഘടകകക്ഷികൾ മത്സരിച്ചുവരുന്ന വാർഡുകളിൽ വച്ചുമാറ്റത്തിനുള്ള ശ്രമമാണ് പ്രാഥമികതലത്തിൽ നടക്കുന്നത്.
സ്ഥിരമായി മത്സരിച്ചുവന്നിരുന്ന വാർഡുകൾ സംവരണപട്ടികയിലായതോടെ പുതിയ വാർഡുകൾ തേടുന്ന സിറ്റിംഗ് മെംബർമാരടക്കം ഇപ്പോഴത്തെ ചർച്ചകളിൽ സജീവമാണ്. നിലവിലെ വാർഡുകളുടെ അതിർത്തികളിലും മറ്റുംമാറ്റം ഉണ്ടായതോടെ സിറ്റിംഗ് വാർഡുകൾ നഷ്ടമായെങ്കിലും പുതിയ വാർഡുകളിലേക്ക് സിറ്റിംഗ് മെംബർമാർക്ക് കണ്ണുള്ളത് സ്വാഭാവികം.
ബ്ലോക്കിനോട് അത്ര പ്രിയം പോരാ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർഥിയാകുന്നതിനോടു പലർക്കും താത്പര്യമില്ല. മുതിർന്ന നേതാക്കളടക്കം ഗ്രാമപഞ്ചായത്തുകളിലാണ് കണ്ണുവച്ചിരിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിച്ചാലുണ്ടാകുന്ന ചെലവാണ് പ്രധാന പ്രശ്നം. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിൽ നല്ലൊരു പങ്കും സംവരണ പട്ടികയിലായതിനാൽ ജനറൽ മണ്ഡലങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ്.
ഇക്കാരണത്താൽ പ്രാദേശിക നേതാക്കൾ ഗ്രാമപഞ്ചായത്തുകളിലേക്ക് ഒതുങ്ങുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ഏഴ് ജനറൽ മണ്ഡലങ്ങൾ മാത്രമാണുള്ളത്. അവയുടെ വിസ്തൃതിയാകട്ടെ വർധിച്ചതിനാൽ മത്സരിക്കാനുള്ള ചെലവ് ഏറുമെന്നതിലും തർക്കമില്ല. മിനി നിയമസഭാ മണ്ഡലമാണ് ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും.
വനിതാ സംവരണ വാർഡുകൾ 625
പത്തനംതിട്ട: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി തെരഞ്ഞെടുക്കപ്പെടേണ്ടത് 1099 പ്രതിനിധികളാണ്. ഇതിൽ 625 പേരും വനിതകളായിരിക്കും. വനിതാ ജനറൽ വിഭാഗത്തിലും പട്ടികജാതി വനിതാ വിഭാഗത്തിലും സംവരണമുണ്ട്.
53 ഗ്രാമപഞ്ചായത്തുകളിലെ 833 സീറ്റുകളിൽ 481 സീറ്റുകൾ വനിതാ സംവരണമാണ്. ഇതിൽ 423 സീറ്റുകൾ വനിതാ ജനറൽ വിഭാഗത്തിലും 57 എണ്ണം പട്ടികജാതി വനിതകൾക്കും ഒരു വാർഡ് പട്ടികവർഗ വനിതയ്ക്കുമായി സംവരണം ചെയ്തിരിക്കുകയാണ്.
എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 ഡിവിഷനുകളിൽ 66 എണ്ണം വനിതാ സംവരണമാണ്. ഇതിൽ 57 ഡിവിഷനുകൾ വനിതകളുടെ ജനറൽ സീറ്റും ഒന്പതെണ്ണം പട്ടികജാതി വനിതകൾക്കുമുള്ളതാണ്. ജില്ലാ പഞ്ചായത്തിന്റെ 17 ഡിവിഷനുകളിൽ എട്ടെണ്ണം വനിത ജനറൽ വിഭാഗത്തിനും ഒരെണ്ണം പട്ടികജാതി വനിതയ്ക്കുമാണ്.
നാല് നഗരസഭകളിലായുള്ള 135 സീറ്റുകളിൽ 69 എണ്ണമാണ് വനിതാ സംവരണം. ജനറൽ വനിതാ വിഭാഗത്തിൽ 60 വാർഡുകളും പട്ടികജാതി വനിതകൾക്കായി ഒന്പതെണ്ണവും സംവരണം ചെയ്തിരിക്കുന്നു.
എൽഡിഎഫിൽ പ്രാഥമിക ചർച്ചകൾ
കോഴഞ്ചേരി: ആറന്മുള അസംബ്ലി മണ്ഡലപരിധിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് പ്രാഥമിക ചർച്ചകൾക്കു തുടക്കമിട്ടു. സംവരണ വാർഡുകൾ നിശ്ചയിച്ചതോടെ പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ മുന്നണി നേതാക്കൾ പ്രാഥമിക കൂടിയാലോചനകൾ തുടങ്ങി.ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ പലയിടത്തും ആവശ്യപ്പെട്ടിട്ടുള്ളത് സിപിഎമ്മിനെ കുഴയ്ക്കുന്നു.
വിജയസാധ്യത കണക്കിലെടുത്ത് വിട്ടുവീഴ്ചകൾക്കു തയാറാകണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ഉഭയകക്ഷി ചർച്ചകളിലൂടെ പരമാവധി തർക്കങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
പത്തനംതിട്ട നഗരസഭ, കോഴഞ്ചേരി, കോയിപ്രം, അയിരൂർ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തി. ജനപിന്തുണയുള്ള നേതാക്കളെ സ്വതന്ത്രരായി മത്സരിപ്പിച്ചാണെങ്കിൽ പോലും പരമാവധി സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണ് പ്രാദേശികതത്തിൽ മുന്നണികൾക്കുള്ളത്.
ത്രിതല പഞ്ചായത്തുകളിൽ ജനപിന്തുണയുള്ളവരെ മത്സരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപിയും രംഗത്തുള്ളത്. ആറന്മുള, റാന്നി നിയമസഭാ മണ്ഡലപരിധിയിലെ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിൽ ബിജെപി ഇത്തവണ ശക്തമായ പോരാട്ടത്തിനുറച്ചിരിക്കുകയാണ്.
Tags : Election nattuvishesham local