സുൽത്താൻ ബത്തേരി: വയനാട് മെഡിക്കൽ കോളജിന്റെ ഭാവി തുലാസിലാണെന്നുള്ള പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജിന് തുടക്കമിട്ടത് ഒന്നാം എൽഡിഎഫ് സർക്കാരാണ്. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന സൗകര്യങ്ങളാണ് അതിനായി വിനിയോഗിച്ചത്. അഞ്ച് വർഷങ്ങൾ പൂർത്തീകരിക്കാൻ പോകുന്ന ഈക്കാലത്ത് മെഡിക്കൽ കോളജിന് വേണ്ടി ഇനിയും ഒരു കർമസമിതി ആവശ്യമില്ല. അസ്ഥാനത്തുള്ള പ്രചാരണങ്ങൾ വയനാടിന്റെ പുരോഗതിക്ക് തടസമുണ്ടാക്കും. ജില്ലാകളക്ടർമാർ ജില്ലയിലെ ആവശ്യങ്ങളടങ്ങുന്ന റിപ്പോർട്ടാണ് സർക്കാരിന് മുന്പിൽ സമർപ്പിക്കാറുളളത്. അതിൽ പറയുന്ന ആവശ്യങ്ങൾ സർക്കാർ പരിശോധിച്ചു നടപടിയെടുക്കും. ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിൽ നിന്നും സൂത്രത്തിൽ അംഗീകാരം നേടിയെന്ന ചിലരുടെ വെളിപ്പെടുത്തൽ വിലകുറഞ്ഞ ആരോപണമാണ്. മെഡിക്കൽ കോളജ് ഭരണവുമായി ബന്ധപ്പെട്ടു പ്രിൻസിപ്പൽ, സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരും എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവർ നേതൃത്വം നൽകുന്ന സർവകക്ഷികളടങ്ങുന്ന എച്ച്എംസിയുമുണ്ട്.
മെഡിക്കൽ കോളജ് വിപുലമായ സൗകര്യങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്പോൾ അതിന്റെ ശോഭ കെടുത്താനും ജില്ലയിൽ വിഭജനവിഷയങ്ങളുണ്ടാക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും പരിശ്രമിക്കുന്നവർ പുരോഗതിയുടെ വിരോധികളാണ്. മെഡിക്കൽ വിദ്യാർഥികളെ ഇപ്രകാരമുള്ള ആക്ഷേപങ്ങൾ ഉന്നയിച്ച് ഭയാശങ്കരാക്കരുതതെന്നും കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു.
Tags :