വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹം 75-ാം ദിവസത്തോടടുക്കുന്നു. ഇത്രയും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സമരം നടത്താൻ കേരളത്തിലെ കർഷകർക്കും സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടാണ് ഈ സമരം ചരിത്രമാകുന്നത്.
സമരത്തിന് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വരെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു. വന്യമൃഗശല്യത്തിന്റെ കാര്യത്തിൽ ഒരു കാലത്ത് കർഷകരെ എതിർത്തിരുന്നവർ വരെ സത്യം ബോധ്യപ്പെട്ട് പിന്തുണയുമായി സമരപ്പന്തലിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹം ആരംഭിച്ചത്. പ്രത്യേകിച്ച് ഏതെങ്കിലും സംഘടനയുടെ ബാനറിലല്ലാതെ കർഷകരുടെ മാത്രം മുൻകൈയിൽ രൂപീകൃതമായ സമരസമിതിയാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്.
സായാഹ്ന സത്യഗ്രഹമാണ് ഇപ്പോൾ നടത്തുന്നത്. ഇനിയും മുന്നോട്ടുപോകേണ്ടിവന്നാൽ കൂടുതൽ ശക്തമായ സത്യഗ്രഹമാർഗങ്ങൾ സ്വീകരിക്കാനാണ് തീരുമാനം. 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സത്യാഗ്രഹ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 29 ന് ഡൽഹിയിൽ ധർണ നടത്തുന്നുണ്ട്. നവംബർ ഏഴിന് വെള്ളരിക്കുണ്ടിൽ നിന്നാരംഭിച്ച് 15 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാനതല പ്രചാരണ വാഹന ജാഥ, നവംബർ 15 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസം എന്നിവയും നടത്തും.
“ഗാന്ധിയൻ സത്യഗ്രഹങ്ങൾ സാവകാശം ലക്ഷ്യത്തിലേക്ക് നടന്നുകയറുമെന്നാണ് അനുഭവം. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി വെള്ളരിക്കുണ്ടിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യഗ്രഹം ലക്ഷ്യത്തിലും മാർഗത്തിലും ഗാന്ധിയൻ പാതയിലൂടെയാണ് മുന്നോട്ടുപോകുന്നത്. നീണ്ടുനിൽക്കുന്ന സത്യഗ്രഹങ്ങൾ തുടങ്ങാൻ മതിയായ തയാറെടുപ്പുകളും സത്യഗ്രഹത്തിനാധാരമായ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും ആവശ്യമാണ്. ഈ സമരവുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ആ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിഹാരനിർദേശങ്ങൾ വനം വകുപ്പിനെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും വളരെ നേരത്തേ അറിയിച്ചിട്ടുണ്ട്. ആരെയും ശത്രുപക്ഷത്ത് നിർത്തിയുള്ള സമരമല്ല ഇത്. മലയോര മേഖലയിലെ സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ള ഈ സമരത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നിട്ടുണ്ട്.”
Tags :