ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ പുഞ്ചകൃഷി ഒരുക്കം സംബന്ധിച്ച വിലയിരുത്തല്‍ യോഗത്തില്‍ ആശങ്കയുമായി പാടശേഖരസമിതി ഭാരവാഹികള്‍. പാടശേഖരങ്ങളുടെ ബണ്ടുകളുടെ ബലക്ഷയം, തകര്‍ന്ന ബണ്ടുകള്‍, പൊളിഞ്ഞ കല്‍ക്കെട്ടുകള്‍, പോളയും ചെളിയും തിങ്ങിയ തോടുകള്‍, പെരുമ്പുഴക്കടവിലെ ഓരുമുട്ട്, നക്രാല്‍ റോഡിലെ കലുങ്ക് തുടങ്ങിയവ സംബന്ധിച്ചാണ് കര്‍ഷകര്‍ ആശങ്കകള്‍ നിരത്തിയത്. വിത്തും വളവും കൊയ്തെടുത്ത നെല്ലുമായി സഞ്ചരിക്കാന്‍ സൗകര്യപ്രദമായ ഫാം റോഡുകളുടെ അപര്യാപ്തതയും യോഗത്തില്‍ ചര്‍ച്ചയായി.
നെല്‍കര്‍ഷക സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് സംഘടിപ്പിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നെല്‍വിത്തിന്റെ ലഭ്യത, പാടശേഖരങ്ങളിലെ നിലവിലെ സാഹചര്യം ഇവയെല്ലാം പരിശോധിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദേശം നല്കി. പോള തിങ്ങി ഒഴുക്കു തടസപ്പെട്ട തോടുകള്‍ സംബന്ധിച്ച് അപേക്ഷ നല്കിയാല് പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോട്ടയം കൃഷി അസിസ്റ്റന്റ് എഡിഎ കവിത, മാടപ്പള്ളി എഡിഎ ഗൗരി, വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റിയിലെയും കൃഷി ഓഫീസര്‍മാര്‍, വിവിധ പാടശേഖരങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പുഴക്കടവ് പാലം,നക്രാല്‍ കലുങ്ക് ഭാഗങ്ങളിലെ മുട്ടുകള്‍ കൃഷിക്ക് പ്രതിസന്ധി
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിനു സമീപം തോട്ടില്‍ മുട്ടിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. തോട്ടില്‍ മുട്ടിട്ടതിനെത്തുടര്ന്ന് ഒഴുക്ക് തടസപ്പെട്ടിട്ട് 15 വര്‍ഷം പിന്നിട്ടു.
മുട്ടിന്റെ ഇരുവശങ്ങളും തമ്മില്‍ രണ്ടടിയുടെ കയറ്റിയിറക്കമുണ്ട്. മുട്ടിനു താഴത്തെ കുഴലുകളില്‍ പോളയും ചെളിയും തിങ്ങി ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ്. പൂവം പ്രദേശത്തെ തോടുകളിൽ മുഴുവന്‍ പോള തിങ്ങിയതിനാല്‍ മഴ പെയ്യുമ്പോള്‍ ജലനിരപ്പുയര്‍ന്ന് പാടശേഖരങ്ങളിലും വീടുകളിലും വെള്ളം കയറി കൃഷിനാശം സംഭവിക്കുന്നതും ജനജീവിതം ദുരിതമാകുന്നതും പതിവാണ്.
പുതുതായി നിര്‍മിച്ച നക്രാല്‍ റോഡിലെ കലുങ്കും ഒഴുക്ക് തടസത്തിനു കാരണമാണ്.
മുട്ടുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പാടശേഖരങ്ങള്‍
പായിപ്പാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍പ്പെടുന്ന കാപ്പോണപ്പുറം-500, ഊത്തക്കാട്ട്-കരിഞ്ചെമ്പ്-175, കൊല്ലത്ത്-ചാത്തങ്കരി-100, നന്നാട്ടുപറമ്പ്-90, ഉലക്കത്താനം-100 തുടങ്ങി ആയിരത്തോളം ഏക്കര്‍ പാടശേഖരങ്ങളിലെ കൃഷി ഏറെ പ്രതിസന്ധിയിലാണ്.
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ചുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ തുറന്നു കൊടുക്കുന്നതോടെ പാലത്തിനടിയിലെ ഓരുമുട്ട് പൊളിച്ചുമാറ്റാനാകും. ഇതോടെ പാടശേഖരങ്ങളിലെ പ്രതിസന്ധി പരിഹരിക്കപ്പെടും. നിര്‍മാണനടപടികള്‍ നടന്നുവരികയാണ്.
ജോബ് മൈക്കിള്‍ എംഎല്എപെരുമ്പുഴക്കടവിലെ മുട്ട് വൃത്തിയാക്കി ഒഴുക്ക്തടസം പരിഹരിക്കണം
പെരുമ്പുഴക്കടവ് പാലത്തിനു സമീപത്തെ മുട്ടിന്റെ കുഴലുകള്‍ പോളയും പുല്ലും ചെളിയും തിങ്ങിനിറഞ്ഞ നിലയിലാണ്. ഇത് വൃത്തിയാക്കി ഒഴുക്കു തടസം അടിയന്തരമായി പരിഹരിക്കണം. കൃഷിയൊരുക്കം നടത്തുന്നതിനിടെ ഒന്നരയാഴ്ചയ്ക്കുള്ളിൽ കാപ്പോളപ്പുറത്ത് മൂന്നു മടവീഴ്ച നേരിട്ടു. ഇത് പരിഹരിക്കാന്‍ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവന്നു.
Tags : Farmers nattuvishesham local