കൊല്ലം : കൊല്ലത്ത് സിപിഐയിലെ കൂട്ട രാജികൾക്ക് പിറകെ വിഭാഗീയത മറ നീക്കി പുറത്തുവന്നു. കൊല്ലത്തെ ഇരുപത് മണ്ഡലം കമ്മിറ്റികളിൽ അഞ്ച് മണ്ഡലം കമ്മിറ്റികൾ വിഭാഗീയത കടുത്തിരിക്കുകയാണ്. ഒരു മണ്ഡലം കമ്മിറ്റി കൂടി എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറി ഉണ്ടാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. കുണ്ടറ, കുന്നിക്കോട്, കുന്നത്തൂർ, കടയ്ക്കൽ, നെടുവത്തുർ മണ്ഡലം കമ്മിറ്റികളിലാണ് ഇതിനകം കൂട്ട രാജികൾ നടന്നത്.
കുണ്ടറയിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടായത്. രാജി വച്ചവർ സിപിഎമ്മിലേക്കാണ് പോയത്. പാർട്ടിക്കുള്ളിലെ വിഭാഗീയത വിളിച്ചറിയിക്കുന്നതായിരുന്നു മുതിർന്ന സിപിഐ നേതാവും കൊല്ലം ഡപ്യൂട്ടി മേയറും ആയിരുന്ന കൊല്ലം മധുവിന്റെ വിമർശനം.
‘പാർട്ടിയിൽ നിന്ന് രാജി വെച്ച് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് നേതൃത്വപരമായ ധിക്കാരമെന്ന കൊല്ലം മധുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ വിമർശനം പാർട്ടി ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മധുവിനെതിരെ പാർട്ടി നടപടി എടുക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പാർട്ടിയിലേക്ക് കടന്നു വന്ന മധുവിനെ ജില്ലാ കമ്മിറ്റിയിൽ എടുക്കാത്ത സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നിലപാടിനെതിരെ മധുവിന്റെ ഫേസ് ബുക്ക് വിമർശനം.
മധുവിനോളം പാർട്ടി പ്രവർത്തന പാരമ്പര്യമില്ലാത്ത വിനോദിനെ ജില്ലാ നേതൃത്വം ഡിസിയിൽ ക്ഷണിതാവാക്കിയതിന്റെ അമർഷവും മുൻ ഡപ്യൂട്ടി മേയർക്കുണ്ട്. ജെഎൻയുവിലെ വിദ്യാർഥി നേതാവും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും കണക്കിലെടുത്താണ് കവി തിരുനെല്ലൂരിന്റെ മകൻ വിനോദിനെ പാർട്ടി ഡിസിയിൽ ക്ഷണിതാവാക്കിയിരിക്കുന്നത്.