മണ്ണാർക്കാട്: സിപിഎം മണ്ണാർക്കാട് ലോക്കൽ സെക്രട്ടറി കെ. മൻസൂർ കള്ളവോട്ട് ചേർത്തെന്നതുൾപ്പെടെ ഗുരുതരാരോപണവുമായി കോടതിപ്പടിയിലെ അക്ഷയകേന്ദ്രം ഉടമ ഷമീർ ചോമേരി രംഗത്ത്. നഗരസഭയിലെ ചോമേരി വാർഡിൽ 62 കള്ളവോട്ടുകൾ സിപിഎം ചേർത്തെന്ന് ഷമീർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽ വോട്ടുള്ള നജീബിനെ മൻസൂർ നായാടികുന്നിലെ വോട്ടർപട്ടികയിൽ ചേർത്തത് തന്റെ അക്ഷയകേന്ദ്രം വഴിയാണെന്ന് ഷമീർ വെളിപ്പെടുത്തി.
ഇയാൾക്ക് വോട്ട് ഉണ്ടെന്നു പറഞ്ഞപ്പോൾ അതൊക്കെ പാർട്ടി നോക്കും എന്നാണ് മൻസൂർ മറുപടി പറഞ്ഞതെന്ന് ഷമീർ പറഞ്ഞു. ചോമേരിയിൽ സിപിഎം ചേർത്ത വോട്ടുകളെ കുറിച്ച് കൃത്യമായ രേഖകൾ നൽകിയിട്ടും അത് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. കൗൺസിലർ കൂടിയായ മൻസൂറിന്റെ വോട്ട് യഥാർഥത്തിൽ മൻസൂർ താമസിക്കുന്ന വീട്ടുനമ്പറിൽ ഉള്ളതല്ല. കടമുറിയുടെ നമ്പറിലാണ് മൻസൂറിന് വോട്ടുള്ളത്. അദ്ദേഹത്തിന്റെ റേഷൻകാർഡ് സബ്സിഡി കാർഡാണ്.
ഇത് ഗുരുതരമായ തെറ്റാണ്. ബ്രാഞ്ച് സെക്രട്ടറിയുടെ കാർഡ് ബിപിഎൽ ആണ്. ഇവരുടെ സാമ്പത്തിക സ്ഥിതിയും വീടും പരിശോധിച്ച് നടപടി വേണമെന്നും ഷമീർ ആവശ്യപ്പെട്ടു.ഏഴുവർഷമായി അക്ഷയകേന്ദ്രം നടത്തുന്ന തനിക്കെതിരെ നേരത്തെ മുഖ്യമന്ത്രിക്ക് വ്യാജപരാതി നൽകിയിരുന്നു. തുടർന്ന് വിവരങ്ങൾ മുഖ്യമന്ത്രിയുടെ പോർട്ടലിൽ അപ്ലോഡ് ചെയ്തതോടെ പരാതി തള്ളിയെന്ന് ഷമീർ പറഞ്ഞു. 17 പേരാണ് അക്ഷയയിൽ ജോലി ചെയ്യുന്നത്. ഇതിൽ 15പേർ സ്ത്രീകളാണ്. കള്ളവോട്ട് ചേർക്കുന്ന പരാതി നൽകിയതിന്റെ പേരിൽ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമം സെക്രട്ടറി നടത്തുന്നതായും ഷമീർ ആരോപിച്ചു.
Tags : CPM