കിഫ്ബി ഉദ്യോഗസ്ഥർ പൊളിക്കാൻ ശ്രമിച്ച കുമരകം കോണത്താറ്റു പാലത്തിനു സമീപത്തെ കെട്ടിടം.
കുമരകം: കാരിക്കത്തറ ദാമോദരന്റെ കുടുംബസ്വത്തായ കെട്ടിടത്തിന്റെ ഒരു ഭാഗം കിഫ്ബി ഉദ്യോഗസ്ഥർ പൊളിക്കാൻ തുടങ്ങിയത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പുതിയ വഴി നിർമിക്കുന്നതിനായാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. കോണത്താറ്റ് പാലത്തിന്റെ അടിയിലെ തോട് നികത്തി വഴി നിർമിക്കാൻ ശ്രമിച്ചെങ്കിലും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ എതിർപ്പുമൂലം സാധിച്ചില്ല.
തുടർന്ന് പാലത്തിന്റെ അരികിൽ പുറമ്പോക്കുണ്ടെന്ന് പറഞ്ഞ് ദാമോദരനും കുടുംബത്തിനും നോട്ടീസ് നൽകിയിരുന്നു. അളന്ന് തിരിക്കാതെയും ഉടമയെ ബോധ്യപ്പെടുത്താതെയും കല്ലിടുകയും ചെയ്തിരുന്നു. ഇതിനെതിരേ ദാമോദരനും കുടുംബവും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഹൈക്കോടതിയുടെ പരിഗണനയി ലുള്ള ഹർജിയിൽ തീർപ്പാകുന്നതിനു മുന്പ് കിഫ്ബിയുടെ ഉദ്യോഗസ്ഥർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിന്റെ ഒരു വശം പൊളിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തു.
കോടതിയുടെ തീരുമാനം വന്ന ശേഷമേ കെട്ടിടം പൊളിക്കാനും നിർമാണ പ്രവർത്തനത്തിനും അനുവദിക്കൂവെന്നറിയിച്ചാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊളിക്കൽ നിർത്തിവയ്പിച്ചത്.
Tags : Congress