എയർ ഇന്ത്യ വീൽചെയർ അനുവദിച്ചില്ല; വിമാനത്താവളത്തിൽ വീണ് വയോധികയ്ക്കു പരിക്ക്
Sunday, March 9, 2025 1:58 AM IST
ന്യൂഡൽഹി: എയർ ഇന്ത്യ വീൽചെയർ അനുവദിക്കാത്തതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ മുഖമിടിച്ചു വീണ് വയോധികയ്ക്കു ഗുരുതര പരിക്ക്. വീൽചെയർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ വീൽചെയർ നൽകിയില്ലെന്നും ഇതിനാലാണ് അപകടമുണ്ടായതെന്നും പരിക്കേറ്റ 82കാരിയുടെ ചെറുമകൾ സമൂഹമാധ്യമമായ എക്സിൽ കുറ്റപ്പെടുത്തി.
യാത്രക്കാർക്കു ശരിയായ സേവനങ്ങൾ നൽകിയില്ലെന്നാരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) പരാതി നൽകിയിട്ടുണ്ടെന്നും ചെറുമകളായ പരുൾ കൻവാർ എക്സിൽ കുറിച്ചു.
കഴിഞ്ഞ നാലിന് വയോധിക ഡൽഹിയിൽനിന്നു ബംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്ക് തയാറെടുക്കവേയായിരുന്നു സംഭവം. മുൻകൂട്ടി ബുക്ക് ചെയ്തിട്ടും വിമാനത്താവളത്തിലെത്തിയപ്പോൾ എയർ ഇന്ത്യ അധികൃതർ വീൽചെയർ നൽകിയില്ലെന്ന് പരുൾ പറയുന്നു.
ഒരു മണിക്കൂറിലധികം കാത്തിരുന്നിട്ടും കിട്ടാതെവന്നതോടെ മുത്തശി നടന്നുവെന്നും എയർ ഇന്ത്യയുടെ എക്കണോമി പ്രീമിയം കൗണ്ടറിനു സമീപം കുഴഞ്ഞുവീണ് മുഖമിടിക്കുകയായിരുന്നുവെന്നും പരുൾ വ്യക്തമാക്കി.
തലച്ചോറിൽ രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വയോധിക നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. പരിക്കേറ്റ മുത്തശിയുടെ ചിത്രങ്ങൾ പങ്കുവച്ച് എയർ ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടും ടാഗ് ചെയ്തുകൊണ്ടാണ് പരുളിന്റെ കുറ്റപ്പെടുത്തൽ.
എന്നാൽ വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുന്പെങ്കിലും ടെർമിനലിൽ എത്തണമെന്ന് യാത്രക്കാരോടു നിർദേശിച്ചിട്ടുണ്ടെന്നും വയോധികയും കുടുംബവും താമസിച്ചാണ് ടെർമിനലിലെത്തിയതെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
ബോർഡ് ചെയ്യുന്ന സമയം വീൽ ചെയറിന് പെട്ടെന്ന് ആവശ്യക്കാർ വർധിച്ചതിനാൽ 15 മിനിറ്റിനുള്ളിൽ വീൽചെയർ നൽകാൻ കഴിഞ്ഞില്ലെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.
ഒരു മണിക്കൂറിലധികം വീൽചെയറിനായി കാത്തിരുന്നുവെന്ന പരുളിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എയർ ഇന്ത്യ വക്താവ് ചൂണ്ടിക്കാട്ടി.