കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിന്
Wednesday, April 23, 2025 2:11 AM IST
ബംഗളൂരു: കർണാടക മുൻ ഡിജിപി ഓംപ്രകാശിന്റെ കൊലപാതകം സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിൽ അറസ്റ്റിലായ ഓംപ്രകാശിന്റെ ഭാര്യ പല്ലവി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥനായതിനാൽ കേസ് സിസിബിക്കു കൈമാറിയെന്നും പരമേശ്വര അറിയിച്ചു.
വീട്ടിൽ ഉച്ചഭക്ഷണത്തിനിടെ ഓംപ്രകാശും ഭാര്യയുമായി വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ മകൾ കൃതി വീട്ടിലുണ്ടായിരുന്നു.
ഓം പ്രകാശിന്റെ മകൻ കാർത്തികേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയും സഹോദരിയും വിഷാദരോഗികളാണെന്നും ഓംപ്രകാശുമായി പതിവായി വഴക്കുണ്ടാക്കാറുണ്ടെന്നും കാര്‍ത്തികേഷ് പരാതിയില്‍ പറയുന്നു.
കൊലപാതകത്തിൽ കൃതിക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.