വീണ്ടും നടുങ്ങി കാഷ്മീർ
Wednesday, April 23, 2025 2:11 AM IST
പഹൽഗാം: ആക്രമണത്തിൽ രക്ഷതേടി അലയുന്നവർ. ചോരയിൽ കുളിച്ചുകിടക്കുന്ന ഉറ്റവരെ നോക്കി രക്ഷയ്ക്കായി ആർത്തലയ്ക്കുന്നവർ. തെക്കൻ കാഷ്മീരിലെ ബൈസരനിൽ ഭീകരർ നടത്തിയ കൊടുംക്രൂരതയുടെ ബാക്കിപത്രമായി അവശേഷിക്കുന്നത് ഭീതിയുടെ അന്തരീക്ഷം മാത്രം.
നാല്പതോളം വിനോദസഞ്ചാരികളാണ് ആക്രമണസമയത്ത് ചെറിയ കുന്നിൻമുകളിലെ ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായിരുന്നത്. പ്രദേശത്തെ വനമേഖലയിൽനിന്നെത്തിയ ഭീകരർ ആളുകളെ വളഞ്ഞശേഷം തുരുതുരാ നിറയൊഴിക്കുകയായിരുന്നു. വൈകുന്നേരം ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോഴാണ് ഭീകരർ എത്തിയതെന്ന് ഒരു സ്ത്രീ പറഞ്ഞു.
ഭീകരർ കൊടുംക്രൂരത തുടരുന്നതിനിടെ ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവനക്കാർ ഉൾപ്പെടെ പലരും സുരക്ഷ തേടി സമീപസ്ഥലങ്ങളിലേക്കു പാഞ്ഞു. രക്തത്തിൽ കുളിച്ച നിലയിൽ വിനോദകേന്ദ്രത്തിലെ പുൽമേടിൽ കിടന്നിരുന്നവരെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെ രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററും എത്തി.
2000ത്തിൽ പഹൽഗാമിലെ അമർനാഥ് ബേസ് ക്യാന്പിൽ ഭീകരാക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. അറുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുശേഷം മേഖലയിൽ ഭീകരർ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലത്തേത്.
തുടരുന്ന ഭീകരത
2000 മാർച്ച് 21അനന്ത്നാഗ് ജില്ലയിലെ ഛത്തിസിംഗ്പോറയിൽ 2000 മാർച്ച് 21 ന് രാത്രി സിഖ് സമുദായത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു.
ആ വർഷം ഓഗസ്റ്റിൽ നുൻവാൻ ബേസ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 24 അമർനാഥ് തീർഥാടകർ ഉൾപ്പെടെ കൊല്ലപ്പെട്ടത് 32 പേർ.
2001 ജൂലൈയിൽ അമർനാഥ് തീർഥാടകരെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം. അനന്ത്നാഗിലെ ഷെഷ്നാഗ് ബേസ് ക്യാമ്പിൽ 13 പേരാണു പിടഞ്ഞുവീണത്.
ആ വർഷം ഒക്ടോബർ ഒന്നിന് ശ്രീനഗറിലെ ജമ്മു കാഷ്മീർ ലജിസ്ലേറ്റർ കോംപ്ലക്സിൽ നടന്ന ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു.
2002ൽ ചന്ദൻവാരി ബേസ് ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിൽ 11 അമർനാഥ് യാത്രക്കാർ കൊല്ലപ്പെട്ടു.
2002 നവംബർ 23. തെക്കൻ കാഷ്മീരിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഭീകരർ നടത്തിയ സ്ഫോടനത്തിൽ ഒമ്പത് സുരക്ഷാ സേനാംഗങ്ങളും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടെ 19 പേർക്കു ജീവഹാനി.
2003 മാർച്ച് 23. പുൽവാമയിലെ നന്ദിമാർഗിൽ 11 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 24 കാശ്മീരി പണ്ഡിറ്റുകൾ ഭീകരരുടെ തോക്കിനിരയായി.
ജൂൺ 13, 2005. പുൽവാമയിലെ സർക്കാർ സ്കൂളിനു മുന്നിലെ തിരക്കേറിയ മാർക്കറ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് രണ്ട് സ്കൂൾ കുട്ടികളും മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്.
2006 ജൂൺ 12ന് കുൽഗാമിൽ ഒമ്പത് അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു.
2017 ജൂലൈ 10ന് കുൽഗാമിൽ അമർനാഥ് യാത്രാബസിനു നേരേയുണ്ടായ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.