ജമ്മുവിൽ പാക് വിരുദ്ധ പ്രതിഷേധറാലി
Thursday, April 24, 2025 2:40 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച ജമ്മുവിൽ പാക് വിരുദ്ധ പ്രതിഷേധറാലിയുമായി ജനങ്ങൾ തെരുവിലിറങ്ങി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക-മത സംഘടനകളും പാക് വിരുദ്ധ പ്രതിഷേധങ്ങൾ നടത്തി.
കോലം കത്തിച്ച പ്രതിഷേധക്കാർ ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഉചിതമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ പാക് പതാകയും കത്തിച്ചു. 2019ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണ് പഹൽഗാമിൽ നടന്നത്.
പ്രതിഷേധമാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. ജമ്മുവിലെ പാർട്ടി ഓഫീസിൽനിന്നും ആരംഭിച്ച റാലി പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു.
മുൻ മന്ത്രി യോഗേഷ് സാഹ്നി നയിച്ച മാർച്ചിൽ നൂറുകണക്കിനു പ്രവർത്തകരാണ് പങ്കെടുത്തത്. പഹൽഗാം ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് കോൺഗ്രസും രാജ്യത്തെ ജനങ്ങളും നിലകൊള്ളുന്നതെന്ന് യോഗേഷ് സാഹ്നി പറഞ്ഞു. ഭീകരർക്കെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സാഹ്നി കൂട്ടിച്ചേർത്തു.
ദോഡ, കിഷ്ത്വാർ, റിയാസി, കത്ര, ഉധംപുർ, കത്വ, സാംബ, ബനിഹാൽ, റംബാൻ, പൂഞ്ച്, രജൗരി എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ബിജെപി, പിഡിപി, നാഷണൽ കോൺഫറൻസ് (എൻസി) എന്നിവയുൾപ്പെടെ മിക്ക രാഷ്ട്രീയ പാർട്ടികളും പഹൽഗാം ആക്രമണത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
രജൗരി, പൂഞ്ച്, ദോഡ, കിഷ്ത്വാർ, ബനിഹാൽ, ഉധംപുർ എന്നിവിടങ്ങളിൽ നിരവധി മുസ്ലിം സംഘടനകളും പ്രതിഷേധമാർച്ചുകൾ നടത്തി. ആക്രമണത്തെ അപലപിച്ച സംഘടനകൾ കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.