സയ്ഫുള്ള കസുരി മുഖ്യ സൂത്രധാരൻ
Thursday, April 24, 2025 2:40 AM IST
ലഷ്കർ-ഇ-തൊയ്ബയുടെ സീനിയർ കമാൻഡർ സയ്ഫുള്ള കസുരിയാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ.
ലഷ്കർ സ്ഥാപകനും ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവുമായ ഹാഫീസ് സയീദിന്റെ ഉറ്റ കൂട്ടാളിയാണ്, സയ്ഫുള്ള ഖാലിദ് എന്നും അറിയപ്പെടുന്ന കസൂരി. ഹാഫീസ് സയീദിന്റെ ജമാത്ത്-ഉദ്-ദവയുടെ രാഷ്ട്രീയപ്രസ്ഥാനമായ മില്ലി മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്ന കസുരി, ലഷ്കറിന്റെ പെഷവാർ ആസ്ഥാനത്ത് തലവനായും പ്രവർത്തിച്ചിട്ടുണ്ട്.
മുമ്പ് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളിലും കസൂരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആഡംബര കാറുകളില്‍ മാത്രമാണു കസുരിയുടെ യാത്ര. അത്യാധുനിക ആയുധങ്ങളുമായി ലഷ്കര്‍ ഭീകരരാണ് ഇയാള്‍ക്കു സുരക്ഷയൊരുക്കുന്നത്. പാക്കിസ്ഥാന് സൈന്യത്തിലെ നിരവധി ഓഫീസര്‍മാരില്‍ അടുത്ത സ്വാധീനം.
പാക് സേനയുടെ ആത്മവീര്യം ഉയര്‍ത്താനുള്ള പഠനക്ലാസുകളിലും പങ്കാളിത്തം. പാക് പഞ്ചാബിലെ കങ്കന്പുരില് രണ്ടുമാസം മുമ്പ് ഇയാള്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജിഹാദി പ്രസംഗത്തിനായി പാക് സേനയിലെ കേണലായ സാഹിദ് സരിന് ഖട്ടക് ക്ഷണിച്ചുവരുത്തുകയായിരുന്നു.
ഇന്ത്യന്‍ സേനയോട് ഏറ്റുമുട്ടാന്‍ പാക് പട്ടാളക്കാരോട് ആഹ്വാനം ചെയ്ത കസുരി അതിനുമുന്‍പ് ഖൈബര്‍ പഷ്തൂണ്വാലയില് നടന്ന കൂടിക്കാഴ്ചയിൽ 2026 ഫെബ്രുവരി രണ്ടിനുമുമ്പ് കാഷ്മീരിനെ മോചിപ്പിക്കുമെന്ന അവകാശവാദവും മുഴക്കിയിരുന്നു. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയും പാക് സേനയും സംയുക്തമായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നത്.
ദ റെസിസ്റ്റൻസ് ഫ്രണ്ട്
ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്) 2019ൽ കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടശേഷമാണു രൂപവത്കരിക്കപ്പെട്ടത്.
ഷേഖ് സജ്ജാദ് ഗുൽ ആണ് സംഘടനയുടെ സുപ്രീം കമാൻഡർ. ബാസിത് അഹമ്മദ് ദാർ ആണ് ചീഫ് ഓപ്പറേഷണൽ കമാൻഡർ. ടിആർഎഫിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കാഷ്മീരിൽ ടിആർഎഫ് നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
2024 ഒക്ടോബറിൽ ഗന്ദർബാലിൽ ഒരു ഡോക്ടറെയും ആറ് ഇതര സംസ്ഥാന തൊഴിലാളികളെയും കൊലപ്പെടുത്തിയത് ടിആർഎഫ് ഭീകരരാണ്.
അതീവ ശ്രദ്ധയോടെയാണു ഭീകരർ പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തത്. കൂട്ട ക്കൊല ഉറപ്പാക്കാനായി ഭീകരർ കാത്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഇന്ത്യാ സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശനവും നടന്ന ദിവസംതന്നെ ഭീകരർ ആക്രമണത്തിനു തെരഞ്ഞെടുത്തത് കരുതിക്കൂട്ടിത്തന്നെയാണ്.