ഐഎഎഫ് ഉദ്യോഗസ്ഥനെതിരേ വധശ്രമത്തിന് കേസ്
Wednesday, April 23, 2025 2:11 AM IST
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് യാത്രികൻ ആക്രമിച്ചുവെന്നു ചൂണ്ടിക്കാട്ടി പരാതി ഉന്നയിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു.
ബൈക്ക് യാത്രികനായ യുവാവ് ആക്രമിക്കുകയും കന്നഡ സംസാരിക്കാത്തതിന് അധിക്ഷേപിക്കുകയും ചെയ്തെന്നു ചൂണ്ടിക്കാട്ടി എയർഫോഴ്സ് വിംഗ് കമാൻഡറായിരുന്ന ശിലാദിത്യ ബോസ് സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, ബോസിന്റെ അവകാശവാദം വ്യാജമാണെന്നു തെളിഞ്ഞതിനെത്തുടർന്നും ബൈക്ക് യാത്രികനായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോൾ സെന്റർ ജീവനക്കാരനായ ബൈക്ക് യാത്രികനെ ബോസ് ആക്രമിക്കുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. സൈനിക ഉന്നതരെ ഉപയോഗിച്ച് സംഭവത്തിൽ അവരെ തെറ്റിദ്ധരിപ്പിച്ച് കേസ് ഒതുക്കിത്തീർക്കാൻ ബോസ് ശ്രമിച്ചതായും ആരോപണമുണ്ട്.