വാഗ-അട്ടാരി അതിർത്തിയിലെ ഹസ്തദാനം നിർത്തിവയ്ക്കും
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ വാഗ അട്ടാരി അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ അതിർത്തിരക്ഷാസേന (ബിഎസ്എഫ്) തീരുമാനിച്ചു. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടും.
ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താത്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിംഗ് റിട്രീറ്റ് അഥവ സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്.
പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന കേന്ദ്രസർക്കാരിന്റെ അന്ത്യശാസനത്തെത്തുടർന്ന് പാക്കിസ്ഥാനിലേക്കു പോകാൻ നിരവധി പേരാണ് ഇന്നലെ വാഗ അതിർത്തിയിൽ എത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധം നിലച്ചതോടെ അതിർത്തിയിലെ ഇരുഭാഗത്തുമായി നൂറുകണക്കിന് ട്രക്കുകളും മറ്റുമാണ് കുടുങ്ങിക്കിടക്കുന്നത്.