സമാധാനത്തിനായുള്ള അശ്രാന്ത പരിശ്രമം എന്നും സ്മരിക്കപ്പെടും: സിസിബിഐ
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: സമാധാനത്തിനും രാജ്യങ്ങൾക്കിടയിലെ സഹകരണം പരിപോഷിപ്പിക്കുന്നതിനുമായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ അശ്രാന്ത പരിശ്രമങ്ങൾ എന്നും സ്മരിക്കപ്പെടുമെന്ന് കോണ്‍ഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ).
പാവങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വക്താവായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പ, തന്റെ ജീവിതം ബൈബിൾ പ്രചാരണത്തിനായി സമർപ്പിച്ചുവെന്നും സിസിബിഐ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, 2013 മുതൽ 2025 വരെ പത്രോസിന്റെ പിന്മുറക്കാരനായി സേവനമനുഷ്ഠിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പാരന്പര്യം എക്കാലവും അനുസ്മരിക്കപ്പെടുമെന്നും സിസിബിഐ വ്യക്തമാക്കി.
ഫ്രാൻസിസ് മാർപാപ്പ അഞ്ച് ഇന്ത്യക്കാരെ വിശുദ്ധരായി പ്ര ഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നെന്നും വാർത്താക്കുറിപ്പിൽ സിസിബിഐ പ്രസിഡന്റും ഗോവ-ദാമൻ ആർച്ച്ബിഷപ്പുമായ കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ പറഞ്ഞു.
മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനമായി എല്ലാ രൂപതകളും ഇടവകകളും മതസമൂഹങ്ങളും കുടുംബങ്ങളും ഒൻപത് ദിവസത്തേക്ക് ദുഃഖാചരണം ആചരിക്കാനും മാർപാപ്പയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രത്യേക പ്രാർഥനകളും വിശുദ്ധ കുർബാനയും അർപ്പിക്കാനും സിസിബിഐ ആഹ്വാനം ചെയ്തു.