ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി
Thursday, April 24, 2025 2:40 AM IST
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി. മാനവികതയുടെ മൂല്യങ്ങളോടുള്ള അപമാനം എന്നാണു കോടതി പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഭീകരർ അഴിച്ചുവിട്ടത് ക്രൂരമായ ആക്രമണമാണെന്നും സുപ്രീംകോടതി വിലയിരുത്തി. സംഭവത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച കോടതി ഒരു മിനിറ്റ് മൗനമാചരിച്ചു. രാജ്യത്ത് മുന്പു നടന്ന ഭീകരാക്രമണങ്ങളിലൊന്നും സുപ്രീംകോടതി ഈ നിലയിലുള്ള നിലപാട് സ്വീകരിച്ചിരുന്നില്ല.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുന്നിൻപ്രദേശങ്ങളിലും വിദൂരപ്രദേശങ്ങളിലും സന്ദർശനം നടത്തുന്ന വിനോദസഞ്ചാരികളുടെ സംരക്ഷണത്തിനായി സുരക്ഷാനടപടികൾ സ്വീകരിക്കാനും വിനോദസഞ്ചാരികൾ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സായുധസേനയെ വിന്യസിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു.