പഹല്‍ഗാം അക്രമം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവ്: പ്രധാനമന്ത്രി
Friday, April 25, 2025 1:17 AM IST
മധുബനി: പഹൽഗാം ഭീകരർക്കും ഗൂഢാലോചനക്കാർക്കും അവർ സങ്കൽപ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നൽകുമെന്നും കൊലയാളികളെ ഭൂമിയുടെ അറ്റംവരെ പിന്തുടർന്ന് ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശക്തമായി തിരിച്ചടിക്കുമെന്ന്, പാക്കിസ്ഥാനെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി ബിഹാറിലെ മധുബനിയിൽ സങ്കടിപ്പിച്ച ചടങ്ങിൽ മുന്നറിയിപ്പു നൽകി.
പഹൽഗാം ആക്രമണത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. ചടങ്ങിൽ മോദി സംസാരിച്ചത് ഇംഗ്ലീഷിലാണെന്നതും ശ്രദ്ധേയമായി. പഹൽഗാം ഇന്ത്യയെ എത്രമാത്രം മുറിവേൽപ്പിച്ചിട്ടുണ്ടെന്നും തിരിച്ചടി ശക്തമായിരിക്കുമെന്നും ലോകനേതാക്കൾക്കുള്ള സന്ദേശംകൂടിയായി ഇംഗ്ലീഷിലുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം.
എല്ലാ ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഇന്ത്യയുടെ ആത്മാവിനെ ഭീകരവാദം ഒരിക്കലും തകർക്കില്ലെന്നും മോദി പറഞ്ഞു.
“ബിഹാറിന്റെ മണ്ണിൽ നിന്ന്, ലോകത്തോടു പറയുകയാണ്; ഇന്ത്യ എല്ലാ ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയും. അവരെ പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റംവരെ ഞങ്ങൾ അവരെ പിന്തുടരും”- മോദി പറഞ്ഞു.
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് രാജ്യം. കാർഗിൽ മുതൽ കന്യാകുമാരിവരെ രാജ്യത്തിന്റെ ദുഃഖവും രോഷവും ഒരുപോലെയാണ്.
പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ്. ചിലർക്ക് മകനെയും ചിലർക്കു സഹോദരനെയും ചിലർക്ക് പങ്കാളിയെയും നഷ്ടപ്പെട്ടു. അവരുടെ വേദന മുഴുവൻ രാജ്യവും പങ്കിടുന്നു -മോദി പറഞ്ഞു.