ഭീകരരെ തടയുന്നതിനിടെ കൊല്ലപ്പെട്ട കുതിരക്കാരനും കണ്ണീരോർമയായി
Thursday, April 24, 2025 2:40 AM IST
പഹൽഗാം: കാഷ്മീരിനെ നടുക്കിയ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ധീരനായ ഒരു കുതിരക്കാരനും (പോണിവാല) ഉണ്ടായിരുന്നെന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
സഞ്ചാരികൾക്കായി കുതിരസവാരി നടത്തിയിരുന്ന സയീദ് ആദിൽ ഹസൻ ഷാ (30) യുടെ മൃതദേഹം പഹൽഗാമിലെ ഹപത്നാഡ് ഗ്രാമത്തിൽ ഇന്നലെ സംസ്കരിച്ചു.
“താൻ കുതിരപ്പുറത്ത് കൊണ്ടുവന്ന സഞ്ചാരികളെ രക്ഷിക്കാനായി ഭീകരരിൽ ഒരുവന്റെ തോക്ക് തട്ടിപ്പറിക്കാൻ ശ്രമിക്കവേയായിരുന്നു ധീരനായ ഹസൻ ഷാ കൊല്ലപ്പെട്ടത്. അദ്ദേഹത്തിനുവേണ്ടി മരണാനന്തര പ്രാർഥന നടത്തുന്നതിനായി ഞാൻ ഇന്ന് പഹൽഗാം സന്ദർശിച്ചു. കുടുംബത്തിന്റെ ഒരേയൊരു അത്താണിയായിരുന്നു ഷാ.
ആ കുടുംബത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകും. ഷായുടെ അസാധാരണമായ ധൈര്യവും ത്യാഗവും എന്നെന്നും ഓർമിക്കപ്പെടും”- മുഖ്യമന്ത്രി എക്സിൽ കുറിച്ചു.