‘ഇത് എന്റെ പേരിലല്ല’; ജമ്മു കാഷ്മീർ ഏകസ്വരത്തിൽ പറഞ്ഞു
Thursday, April 24, 2025 2:40 AM IST
ശ്രീനഗർ: ഇത് എന്റെ പേരിലല്ല, എനിക്കു വേണ്ടിയല്ല... കാഷ്മീർ ജനത പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് തെരവിലേക്ക് ഒഴുകിയെത്തി. അടുത്ത നാളിലെങ്ങും കാഷ്മീർ കാണത്തവിധം ശ്രീനഗർ നഗരവും കാഷ്മീരിന്റെ മറ്റ് ഭാഗങ്ങളും ബന്ദിനു സാക്ഷ്യം വഹിച്ചു.
ആറ് വർഷത്തിനിടെ കാഷ്മീരിൽ നടക്കുന്ന ആദ്യബന്ദിൽ താഴ്വര സ്തംഭിച്ചു. പഹൽഗാം സംഭവത്തിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി രാജ്യത്തെ ജനങ്ങളോടു ക്ഷമാപണം നടത്തി. ഭീകരാക്രമണത്തിൽ കാഷ്മീരികൾ ലജ്ജിക്കുന്നുവെന്ന് അവർ ശ്രീനഗറിൽ നടന്ന പ്രതിഷേധ മാർച്ചിൽ പറഞ്ഞു.
ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും ആക്രമണത്തിൽ പ്രതിഷേധിച്ച് ലാൽ ചൗക്കിലേക്കു മാർച്ച് നടത്തി. തെക്കൻ കാഷ്മീർ ജില്ലകളിലും പ്രതിഷേധങ്ങൾ നടന്നു. ആക്രമണത്തെ എല്ലാ തുറകളിലുമുള്ള ആളുകളും അപലപിച്ചു.
നിരപരാധിയുടെ ജീവൻ എടുക്കുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിനു തുല്യമാണെന്ന് ശ്രീനഗർ നഗരത്തിലെ താമസക്കാരനായ ഹാജി ബഷീർ അഹമ്മദ് ദാർ പറഞ്ഞു. ഇതു സംഭവിക്കരുത്. കാഷ്മീരിന്റെ പേരിലോ ഇസ്ലാമിന്റെ പേരിലോ അല്ല ഇതു നടക്കുന്നത്. ഇസ്ലാമിക പഠിപ്പിക്കലുകൾ മനുഷ്യജീവിതത്തെ വിലമതിക്കുന്നതായും ഹാജി ബഷീർ കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എത്രയും വേഗം തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ നടപടികൾ സ്വീകരിക്കണമെന്ന് കർഷകനായ ജി.എം. ബന്ദേ പറഞ്ഞു. കാഷ്മീരികൾ തീവ്രവാദത്തോടൊപ്പമല്ല എന്ന സന്ദേശം ലോകത്തിനു നൽകാനാണ് തങ്ങൾ തെരുവിലിറങ്ങിയതെന്ന് സാമൂഹിക പ്രവർത്തകനായ തൗസീഫ് അഹമ്മദ് വാർ പറഞ്ഞു.
മഴയുടെയും മണ്ണിടിച്ചിലിന്റെയും ദുരിതങ്ങൾക്കിടയിലും രാംബൻ ജില്ലയും പ്രതിഷേധത്തിൽ പങ്കുചേർന്നു. ജില്ലയിൽ ബന്ദ് പൂർണമായിരുന്നു. മുസ്ലിം-ഹിന്ദു വിഭാഗങ്ങളിലെ ജനങ്ങൾ ഒന്നിച്ച് പ്രതിഷേധവുമായി ജമ്മു-ശ്രീനഗർ ദേശീയപാതയിൽ അണിനിരന്നു.