ഫ്രാൻസിസ് മാർപാപ്പയ്ക്ക് ദീപികയുടെ ആദരാഞ്ജലി നാളെ ഡൽഹിയിൽ
Wednesday, April 23, 2025 2:11 AM IST
ന്യൂഡൽഹി: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ആഭിമുഖ്യത്തിൽ നാളെ ഡൽഹിയിൽ ആദരാഞ്ജലി. റാഫി മാർഗിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നാളെ വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ മുഖ്യാതിഥിയാകും.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ റവ. ഡോ. അനിൽ കൂട്ടോ, മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് എംപി, കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, സിപിഎം നേതാവ് എ.എ. റഹീം എംപി എന്നിവർ പ്രസംഗിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ പ്രഭാഷണം നടത്തും. ദീപിക എഡിറ്റർ (നാഷണൽ അഫയേഴ്സ്) ജോർജ് കള്ളിവയലിൽ, രാഷ്ട്രദീപിക കന്പനി ഡയറക്ടർ ഫാ. സൈമണ്‍ പള്ളുപേട്ട എന്നിവർ പ്രസംഗിക്കും.
ദീപികയുടെ 138-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ വിജയം നേടിയവർക്ക് നാഷണൽ എക്സലൻസ് അവാർഡ് മന്ത്രി നഡ്ഡ സമ്മാനിക്കും.
ഫാ. ജോണ്സണ് വാഴപ്പിള്ളി സിഎംഐ (രാജഗിരി ആശുപത്രി), ഡോ. വർഗീസ് മൂലൻ (മൂലൻസ് ഗ്രൂപ്പ്), വി.പി. ആന്റണി (ലൂക്കർ ഇലക്ട്രിക്), ക്രിസ്റ്റി ജസ്റ്റി, ചന്ദന ക്രിസ്റ്റി (ജൂബീറിച്ച് കണ്‍സൾട്ടൻസി), രാജേഷ് പുത്തൻപുരയിൽ (എൽ.കെ. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ), അനിൽ തോമസ് (കാറ്റിക് ഇൻഫ്രാസ്ട്രക്ചർ), ജിജി ഫിലിപ്പ് (ട്രാവൻകൂർ ഫൗണ്ടേഷൻ), ഡോ. ആന്റണി പി. ജോസഫ് (ഗബോറോണ്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ) എന്നിവർക്കാണ് ഈ വർഷത്തെ ബിസിനസ് അവാർഡ്.
ഐസിഎൽ ഫിൻകോർപ്, അപ്പോളോ അഡ്ലക്സ്, ഡിബിഎഫ്എസ്, ലിറ്റിൽ ഫ്ലവർ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ആബെ മാർട്ട്, കാറ്റിക് ഡിസൈൻസ്, വളവി ആൻഡ് കോ എന്നിവരുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.