ഗവർണർക്കെതിരായ കേരളത്തിന്റെ ഹർജി; തമിഴ്നാടിന്റേതിനു സമാനമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
Wednesday, April 23, 2025 2:11 AM IST
സനു സിറിയക്
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ സമീപകാല ഉത്തരവ് കേരളത്തിന്റെ സമാനമായ ഹർജിയിൽ ബാധകമല്ലെന്നു കേന്ദ്രം സുപ്രീംകോടതിയിൽ.
തമിഴ്നാട് ഗവർണർ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ കേരളം നൽകിയ ഹർജിക്കു ബാധകമാണെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ഇന്നലെ വാദിച്ചിരുന്നു. ഇതിനെ എതിർത്താണു വിഷയം സമാനമല്ലെന്നും തമിഴ്നാട് ഗവർണർ കേസിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിന്റെ ഹർജികളിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കേരളത്തിന്റെ ഹർജികൾ പരിഗണിച്ച ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനു മുന്പാകെ വ്യക്തമാക്കിയത്.
ഇരുകേസുകൾക്കും സമാനതയുണ്ടെന്നും അതിനാൽ തമിഴ്നാട് ഗവർണർ കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ഹർജിയും തീർപ്പാക്കണമെന്നും സംസ്ഥാനം ഇന്നലെ വാദത്തിനിടയിൽ ആവശ്യപ്പെട്ടു.
എന്നാൽ രണ്ടു കേസുകളിലെയും വ്യത്യസ്തതകൾ തെളിയിക്കുന്ന കുറിപ്പ് നൽകാൻ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ വാദം കോടതി അനുവദിച്ചു. തുടർന്ന് ഹർജികളിൽ കൂടുതൽ വാദം കേൾക്കുന്നതിന് മേയ് ആറിലേക്കു മാറ്റി.
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കു സമയക്രമം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളം നേരത്തേ സുപ്രീംകോടതിയിൽ അപേക്ഷ ഫയൽ ചെയ്തിരുന്നു.
തമിഴ്നാട് കേസിൽ ഈ സമയക്രമം കോടതി നിശ്ചയിച്ചാൽ ഈ അപേക്ഷ പിൻവലിക്കാൻ തയാറാണെന്നും സംസ്ഥാനം അറിയിച്ചു.
ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം ആദ്യവാരമാണ് തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിച്ച ഗവർണർ ആർ.എൻ. രവിയുടെ നിലപാടിനെതിരേ രൂക്ഷവിമർശനം നടത്തി ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സമാനമായി കേരള നിയമസഭ പാസാക്കിയ ബില്ലുകൾ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിച്ചതു ചൂണ്ടിക്കാട്ടി സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തമിഴ്നാടിന്റെ ഹർജിയുമായി സമാനതകളുള്ളതിനാൽ കേസ് പരിഗണിച്ച അതേ ബെഞ്ച് മുന്പാകെ കേസ് പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ രണ്ടു വർഷത്തോളമായി ഗവർണറുടെ അംഗീകാരത്തിനായി കെട്ടിക്കിടക്കുന്നതായി സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഗവർണർ റഫർ ചെയ്ത ഏഴു ബില്ലുകളിൽ അനുമതി തടഞ്ഞ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിക്കെതിരേയും കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.