ദുബെയുടെ പരാമർശം ; കോടതിയലക്ഷ്യ ഹർജിക്ക് തങ്ങളുടെ ആവശ്യമില്ലെന്നു സുപ്രീംകോടതി
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിനുമെതിരേ വിവാദ പരാമർശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതിയുടെ അനുവാദം ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ദുബെക്ക് പുറമെ ഉപരാഷ്ട്രപതിക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള വിഷയം കോടതിയിൽ പരാമർശിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടപടികൾക്കായി അറ്റോർണി ജനറലിനെ സമീപിക്കാനും ജസ്റ്റീസ് ഗവായ് നിർദേശിച്ചു. ദുബെയുടെ വിവാദ പരാമർശത്തിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അനസ് തൻവീർ ഞായറാഴ്ച അറ്റോർണി ജനറലിന് കത്തെഴുതിയിരുന്നു.
സർക്കാരിന്റെയും പാർലമെന്റിന്റെയും അധികാരത്തിൽ സുപ്രീംകോടതി കൈകടത്തുന്നുവെന്ന ബിജെപി എംപിമാരുടെ പരാമർശത്തെയും സുപ്രീംകോടതി പരോക്ഷമായി പരാമർശിച്ചു. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്ന് ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.