സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ 60ൽ ഏഴു മലയാളികൾ
Wednesday, April 23, 2025 2:11 AM IST
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 1009 പേർ ഇടംപിടിച്ച പട്ടികയിൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിനി ശക്തി ദുബെ ഒന്നാംസ്ഥാനം നേടി.
ഗുജറാത്തിലെ ബറോഡ സ്വദേശി ഹർഷിത ഗോയൽ രണ്ടാം സ്ഥാനം നേടിയപ്പോൾ മഹാരാഷ്ട്ര സ്വദേശി ഡി.എ. പരാഗിനാണ് മൂന്നാംസ്ഥാനം. ആദ്യ 60 റാങ്കുകളിൽ ഏഴു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്.
ബി. ശിവചന്ദ്രൻ(23), ആൽഫ്രഡ് തോമസ് (33), ആർ. മോണിക്ക (39), പി. പവിത്ര (42), മാളവിക ജി. നായർ (45)), ജി.പി. നന്ദന (47), സോണറ്റ് ജോസ് (54) എന്നിവരാണ് ആദ്യ 60 റാങ്കുകളിൽ ഇടംപിടിച്ച മലയാളികൾ. പ്രാഥമിക പരീക്ഷയെഴുതിയ 9,92,599 ഉദ്യോഗാർഥികളിൽനിന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന യുപിഎസ്സി മെയിൻ പരീക്ഷ എഴുതാൻ 14,627 പേരാണു യോഗ്യത നേടിയത്.
ഇതിൽനിന്ന് 2,845 ഉദ്യോഗാർഥികളാണ് വ്യക്തിത്വ പരീക്ഷയ്ക്കോ അഭിമുഖത്തിനോ യോഗ്യത നേടിയത്. അവസാന പട്ടികയിൽ ഇടം പിടിച്ച ആദ്യ 25 റാങ്കുകളിൽ 11 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടുന്നു.