ദ റസിസ്റ്റൻസ് ഫ്രണ്ട്: 2023ൽ കേന്ദ്രം നിരോധിച്ച തീവ്രവാദസംഘടന
Thursday, April 24, 2025 2:40 AM IST
ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് (ടിആർഎഫ്) 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ജമ്മുകാഷ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി മാസങ്ങൾക്കുശേഷം 2019 ഒക്ടോബറിലാണ് ടിആർഎഫ് രൂപപ്പെട്ടത്.
കാഷ്മീരിന്റെ പ്രതിരോധത്തിനായി പോരാടുന്ന സ്വതന്ത്ര്യ തീവ്രവാദ സംഘടന എന്നാണ് അവകാശപ്പെടുന്നതെങ്കിലും ലഷ്കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയാണു ടിആർഎഫ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് ലഷ്കർ-ഇ-തൊയ്ബ നേതാക്കളുടെതന്നെ നിയന്ത്രണത്തിലാണ് ടിആർഎഫും.
ഇസ്ലാമിക നാമത്തിൽനിന്ന് അകലം പാലിച്ചു കാഷ്മീരിനെ പ്രതിരോധിക്കുന്ന നിഷ്പക്ഷസ്വഭാവമുള്ള സംഘടന എന്ന പ്രതീതി വരുത്താനായിരുന്നു ടിആർഎഫിന്റെ രൂപീകരണമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
മതപരമായ ഒരു സംഘടന എന്നതിനേക്കാൾ കാഷ്മീരിന്റെ പ്രതിരോധത്തിനായുള്ള ഒരു ജനകീയ മുന്നേറ്റം എന്ന പ്രതീതി കൈവരിക്കാനും പുതിയ നിഴൽ സംഘടനയുടെ രൂപീകരണത്തിലൂടെ ലഷ്കർ-ഇ-തൊയ്ബ ലക്ഷ്യമിട്ടിരുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യുഎപിഎ) നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2023ൽ നിരോധിച്ച സംഘടനയാണ് ടിആർഎഫ്. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുവാക്കളെ ഓണ്ലൈൻ മാധ്യമങ്ങൾ വഴി റിക്രൂട്ട് ചെയ്യുന്നു, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നു, പാകകിസ്ഥാനിൽനിന്ന് ജമ്മു കാഷ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു നിരോധനം. കാഷ്മീരി പണ്ഡിറ്റുമാരെയും ന്യൂനപക്ഷങ്ങളെയും കാഷ്മീർ ഇതര പൗരന്മാരെയും ടിആർഎഫ് നേരത്തെയും ലക്ഷ്യംവച്ചിട്ടുണ്ട്.
2021ൽ പ്രശസ്ത രസതന്ത്രജ്ഞൻ മഖൻ ലാൽ പണ്ഡിതയുടെയും സ്കൂൾ പ്രിൻസിപ്പൽ സുപീന്ദർ ഗൗറിന്റെയും കൊലപാതകം, 2023ലെ അനന്ത്നാഗ് ഏറ്റുമുട്ടൽ, 2024ൽ കാഷ്മീരിലെ ഗാന്ധർബാലിൽ സ്വകാര്യ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരുടെ കൊലപാതകം, 2024ൽ ജമ്മുവിലെ റിയാസി ജില്ലയിൽ പത്ത് ഹൈന്ദവ തീർഥാടകരുടെ മരണത്തിനു കാരണമായ ബസ് ആക്രമണം തുടങ്ങിയവ ടിആർഎഫിന്റെ ഭീകരവാദപ്രവർത്തനങ്ങളാണ്.
സുരക്ഷാസേനകളെ മാത്രം ലക്ഷ്യമിടാതെ കാഷ്മീർ സന്ദർശിക്കുന്ന ജനങ്ങളെയും പ്രദേശവാസികളെയും ആക്രമിച്ച് താഴ്വരയിൽ ഭയത്തിന്റെ അന്തരീക്ഷം പടർത്തുക എന്നതാണു ടിആർഎഫിന്റെ പ്രവർത്തനരീതി.
ദേശീയ അന്വേഷണ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കാഷ്മീർ താഴ്വരയിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ച് ഇന്ത്യൻ സർക്കാരിനെതിരേ യുദ്ധത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ടിആർഎഫ് ലക്ഷ്യമിടുന്നത്.