പാക് പൗരന്മാർ ഇന്ത്യയിൽനിന്ന് മടങ്ങിത്തുടങ്ങി
Friday, April 25, 2025 1:17 AM IST
ചണ്ഡിഗഡ്: ഇന്ത്യ ഏർപ്പെടുത്തിയ 48 മണിക്കൂർ സമയപരിധിയെത്തുടർന്ന് ഇന്ത്യയിൽ തങ്ങുന്ന പാക്കിസ്ഥാൻ പൗരന്മാർ മടങ്ങിത്തുടങ്ങി. അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തി വഴിയാണ് ഇവർ പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകുന്നത്.
ഇന്നലെ രാവിലെ നിരവധി പേരാണ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ എത്തിച്ചേർന്നത്. ഇവരിൽ ഡൽഹിയടക്കമുള്ള നഗരങ്ങളിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിക്കാൻ പോയവർ ധാരാളമുണ്ട്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണം സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും എല്ലാ പാക്കിസ്ഥാനികളോടും രാജ്യം വിടാൻ ആവശ്യപ്പെട്ടത് ശരിയായ തീരുമാനമല്ലെന്നും ചിലർ പറഞ്ഞു. പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ വീസ ലഭിച്ച ഇന്ത്യൻ കുടുംബങ്ങളും ഇന്നലെ ചെക്ക്പോസ്റ്റിൽ എത്തിച്ചേർന്നു.