ദയയുടെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപം: മോദി
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയെ ലോകമെന്പാടുമുള്ള കോടിക്കണക്കിനു ജനങ്ങൾ ദയയുടെയും വിനയത്തിന്റെയും ആത്മീയധൈര്യത്തിന്റെയും ദീപമായി എന്നും ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ആഗോള കത്തോലിക്കാ സമൂഹത്തോട് അനുശോചനവുമറിയിച്ചു. മാർപാപ്പയെ മോദി സന്ദർശിച്ച വേളയിൽ ഇരുവരും ആശ്ലേഷം ചെയ്യുന്ന ചിത്രം എക്സിൽ പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ അനുശോചനക്കുറിപ്പ്.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി അദ്ദേഹം സേവനം ചെയ്തെന്നും കഷ്ടപ്പാടുകളനുഭവിക്കുന്നവർക്ക് അദ്ദേഹം പ്രതീക്ഷയുടെ വെളിച്ചമായിരുന്നുവെന്നും മോദി പറഞ്ഞു.
വളരെ ചെറുപ്പം മുതൽ അദ്ദേഹം യേശുക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കാനായി തന്നെത്തന്നെ സമർപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളോടുള്ള സ്നേഹബന്ധം എന്നെന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് മോദി കുറിച്ചു.