പ്രതിഷേധം പാക് ഹൈക്കമ്മീഷൻ ഓഫീസിലേക്കും
Friday, April 25, 2025 1:17 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഓഫീസിലേക്കു പ്രകടനം.
പാക് വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി അഞ്ഞൂറിലധികം പേരാണ് പ്രകടനം നടത്തിയത്. ഭീകരവാദത്തിനു പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ബിജെപി, ഭീകരവാദ വിരുദ്ധ ആക്ഷൻ ഫോറം പ്രവർത്തകരായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഹൈക്കമ്മീഷൻ ഓഫീസിന് 500 മീറ്റർ അകലെ പോലീസ് ബാരിക്കേഡു വച്ച് പ്രതിഷേധക്കാരെ തടഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു.അമർനാഥ് യാത്രയ്ക്കായി കാഷ്മീരിലേക്കു പോകുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
നിരവധി സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് പാക് ഹൈക്കമ്മീഷനു പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.