കാഷ്മീരിൽ ഭീകരാക്രമണം 26 മരണം
Wednesday, April 23, 2025 2:11 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലെ ബൈസരണിൽ ഭീകരാക്രമണത്തിൽ ഒരു മലയാളിയടക്കം 26 പേർ കൊല്ലപ്പെട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി.
കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ട 22 പേരെ തിരിച്ചറിഞ്ഞു. ജമ്മു കാഷ്മീരിൽ അടുത്ത നാളിൽ നാട്ടുകാർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
ട്രെക്കിംഗിനു പോയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു. ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽസംഘടനയാണ് ടിആർഎഫ്. സൈനിക വേഷത്തിലെത്തിയ ഏഴു ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. ജമ്മുവിലെ കിഷ്താർ വഴിയാണു ഭീകരർ ബൈസരണിലെത്തിയെന്നാണു റിപ്പോർട്ട്.
ബൈസരണിലെ പൈൻ മരക്കാട്ടിൽനിന്നെത്തിയ ഭീകരർ വിനോദസഞ്ചാരികൾക്കു നേരേ പല റൗണ്ട് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ നിരവധി പേർ രക്തത്തിൽ കുളിച്ച് ചലനമില്ലാതെ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ ഏതാനും പേരെ പ്രദേശവാസികൾ അവരുടെ കുതിരപ്പുറത്താണ് റോഡിലെത്തിച്ചത്.
പ്രദേശത്ത് കരസേനയുടെയും സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെയും കൂടുതൽ സംഘങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണശേഷം രക്ഷപ്പെട്ട ഭീകർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു.
പഹൽഹാം ഭീകരാക്രമണത്തെ, സൗദി അറേബ്യയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരാക്രമണം സംബന്ധിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചെന്ന് അമിത് ഷാ പറഞ്ഞു. ഇദ്ദേഹം ഇന്നലെ രാത്രി എട്ടോടെ ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജമ്മു കാഷ്മീരിലെത്താൻ അമിത് ഷായോടു പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ജമ്മു കാഷ്മീരിൽ ഭീകരാക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ കർണാടക, തമിഴ്നാട് സ്വദേശികളും
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് കർണാടക സ്വദേശികളും. കർണാടക ശിവമൊഗ വിജയനഗർ സ്വദേശിയായ ബിസിനസുകാരൻ മഞ്ജുനാഥ് (47), ഹവേരി സ്വദേശി ഭരത്ഭൂഷൺ എന്നിവരാണു കൊല്ലപ്പെട്ടത്. തന്റെ കൺമുന്നിലാണ് ഭർത്താവിനെ ഭീകരർ വെടിവച്ചു കൊന്നതെന്ന് മഞ്ജുനാഥിന്റെ ഭാര്യ പല്ലവി പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ തമിഴ്നാട് സ്വദേശികളുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് വ്യക്തമാക്കിയത്. അതേസമയം, ആക്രമണത്തിനിരയായവരുടെ പേരുകൾ സ്റ്റാലിൻ വെളിപ്പെടുത്തിയില്ല.
‘മിനി സ്വിറ്റ്സർലൻഡ്’നിശബ്ദമായി
അനന്ത്നാഗ് ജില്ലയിലെ ബൈസരൺ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നാണ് അറിയപ്പെടുന്നത്. വിശാലവും മനോഹരവുമായ പുൽത്തകിടികളുള്ള ഈ പ്രദേശം 1980-കളിൽ ബോളിവുഡ് സിനിമകളുടെ പ്രിയ ലൊക്കേഷനായിരുന്നു.
പഹൽഗാം പട്ടണത്തിൽനിന്ന് ആറു കിലോമീറ്റർ അകലെയുള്ള ബൈസരണിലേക്ക് കുതിരപ്പുറത്തോ കാൽനടയായോ മാത്രമേ എത്താനാകൂ. ഇന്നലെ രാവിലെ വിനോദസഞ്ചാരികളെക്കൊണ്ടു നിറഞ്ഞ പഹൽഗാം പട്ടണം വൈകുന്നേരമായപ്പോഴേക്കും പരിപൂർണ നിശബ്ദതയിലായി.
വിനോദസഞ്ചാരികൾ പഹൽഗാമിൽനിന്നു മടങ്ങിത്തുടങ്ങി. ഭീകരാക്രമണങ്ങളുടെ നിഴലിലായിരുന്ന ജമ്മുകാഷ്മീരിലേക്ക് ഏതാനും നാളായി വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. 38 ദിവസം നീളുന്ന അമർനാഥ് തീർഥാടനം ജൂലൈ മൂന്നിനാണ് ആരംഭിക്കുക.
"വെറുതെ വിടില്ല' : നരേന്ദ്ര മോദി
ജിദ്ദ: ഭീകരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും സമൂഹമാധ്യമമായ എക്സില്‍ അദ്ദേഹം കുറിച്ചു.
ഭീകരതയ്ക്കെതിരേ പോരാടാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം ഉറച്ചതാണ്. അതു കൂടുതല്‍ ശക്തമാക്കും- മോദി വ്യക്തമാക്കി. അതേസമയം, സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. ഇന്നു പുലർച്ചെയാണ് അദ്ദേഹം മടങ്ങിയെത്തിയത്.
ആക്രമണം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.നികൃഷ്ടവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെ അസന്നിഗ്ധമായി അപലപിക്കുന്നു. നിരപരാധികളെ ആക്രമിക്കുന്നത് തീര്‍ത്തും ഭയാനകവും മാപ്പര്‍ഹിക്കാത്തതുമാണ് -രാഷ്ട്രപതി പറഞ്ഞു.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു.