സുപ്രീംകോടതിക്കെതിരേ വീണ്ടും ധൻകർ
Wednesday, April 23, 2025 2:11 AM IST
ന്യൂഡൽഹി: രാജ്യത്തെ ഉന്നത ഭരണഘടനാസ്ഥാപനം പാർലമെന്റാണെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ആത്യന്തിക യജമാനന്മാരെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.
ജനപ്രതിനിധികൾക്കു രാജ്യത്തെ സംബന്ധിച്ച ഉത്തരവാദിത്വമുണ്ടെന്നും സുപ്രീംകോടതിക്കെതിരേ നടത്തിയ പരോക്ഷ വിമർശനത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹി സർവകലാശാല സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണു ധൻകറിന്റെ വിമർശനം.
ഭരണഘടനാച്ചുമതല വഹിക്കുന്നവർ സംസാരിക്കുന്ന ഓരോ വാക്കും രാജ്യത്തിന്റെ പരമോന്നത താത്പര്യത്താൽ നയിക്കപ്പെടുന്നു. ഭരണഘടന ജനങ്ങൾക്കുള്ളതാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ജനപ്രതിനിധികളാണു ഭരണഘടനയുടെ സംരക്ഷകരെന്നും ധൻകർ പറഞ്ഞു.
പൗരന്മാരാണ് രാഷ്ട്രവും ജനാധിപത്യവും കെട്ടിപ്പടുക്കുന്നത്. എല്ലാവർക്കും അവരുടേതായ പങ്കുണ്ട്. ജനാധിപത്യത്തിന്റെ ആത്മാവ് ഓരോ പൗരനിലും വസിക്കുന്നു. ഓരോ പൗരനും തങ്ങളുടെ കടമകൾ നിർവഹിക്കുന്പോൾ അതിന്റെ മൂല്യം ഉയരുന്നു. ഓരോ പൗരന്റെയും സംഭവനയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ ആരും രാജ്യത്തെ പൗരന്റെ മുകളിലല്ലെന്ന് പറയുന്നുണ്ടെന്നും ധൻകർ ചൂണ്ടിക്കാട്ടി.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ധൻകർ വിമർശനം തുടരുന്നത്. ജഡ്ജിമാർ സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്നുവെന്ന് മുന്പ് അദ്ദേഹം വിമർശിച്ചിരുന്നു.