ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടിക്കു സുപ്രീംകോടതി
Wednesday, April 23, 2025 2:11 AM IST
ന്യൂഡൽഹി: സുപ്രീംകോടതി നിലപാടിനെതിരേയും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്കെതിരേയും വിവാദ പരാമർശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി.
ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തെഴുതിയിട്ടും പ്രതികരണം ലഭിച്ചിട്ടില്ലെന്ന് സുപ്രീംകോടതി അഭിഭാഷകൻ നരേന്ദർ മിശ്ര അറിയിച്ചതിനു പിന്നാലെയാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്നു വ്യക്തമാക്കിയത്. എങ്കിലും അറ്റോർണി ജനറലിനു മുന്നിൽ ഒരിക്കൽക്കൂടി വിഷയം അവതരിപ്പിക്കാനും അഭിഭാഷകനോട് കോടതി നിർദേശിച്ചു.
1971 ലെ കോടതിയലക്ഷ്യ നിയമമനുസരിച്ച് അറ്റോണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ സമ്മതം നേടിയതിനുശേഷം മാത്രമേ ഒരു സ്വകാര്യ വ്യക്തിക്ക് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ നടപടി ഫയൽ ചെയ്യാൻ കഴിയൂ. അതേസമയം, ദുബെയുടെ പരാമർശത്തിനെതിരേ പ്രതിഷേധം കനക്കുകയാണ്.
ബിജെപി എംപിക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്നലെ പ്രകടനം നടത്തി.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കെതിരേ അപമാനകരമായ പരാമർശം നടത്തിയ നിഷികാന്ത് ദുബെയെ എംപിസ്ഥാനത്തുനിന്ന് നീക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഗവേഷകവിഭാഗം ദേശീയ കോ-ഓർഡിനേറ്റർ വിനീത് തോമസ് ആവശ്യപ്പെട്ടു.