ജെ.ഡി. വാൻസ് ഇന്ത്യയിൽ ; ഉഭയകക്ഷി കരാറിലടക്കം ചർച്ച
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചതുർദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ആഗോള വ്യാപാര പ്രതിസന്ധിക്കും അമേരിക്കയുടെ തീരുവ പ്രഖ്യാപനത്തിനുമിടയിൽ നടക്കുന്ന സുപ്രധാന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തി.
അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ, സാന്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി അമേരിക്കയുടെ വൈസ് പ്രസിഡന്റ് ചർച്ച നടത്തിയെന്നാണ് സൂചന. 2013ൽ ജോ ബൈഡനു ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ വൈസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുറിയുടെയും മൂന്നു മക്കളുടെയും കൂടെയാണ് രാജ്യതലസ്ഥാനത്ത് വാൻസ് വിമാനമിറങ്ങിയത്.
ഡൽഹി പാലം വിമാനത്താവളത്തിലിറങ്ങിയ വാൻസിനെയും കുടുംബത്തെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. വിമാനമിറങ്ങിയതിനു പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റിനു കരസേന, നാവികസേന, വ്യോമസേന എന്നിവർ സംയുക്തമായി ഗാർഡ് ഓഫ് ഓണർ നൽകി.
മൂന്ന് മക്കളും പരന്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചാണെത്തിയത്. രണ്ട് ആണ്‍കുട്ടികൾ കുർത്ത- പൈജാമ അണിഞ്ഞെത്തിയപ്പോൾ പെണ്‍കുട്ടിയുടെ വേഷം അനാർകലിയായിരുന്നു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽനിന്നും പെന്റഗണിൽനിന്നുമുള്ള അഞ്ചു പ്രതിനിധികളും വാൻസിനെ അനുഗമിച്ചു. വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം ന്യൂഡൽഹിയിലെ സ്വാമി നാരായണ്‍ അക്ഷർഥാം ക്ഷേത്രവും വാൻസ് കുടുംബം സന്ദർശിച്ചു.
വാൻസും കുടുംബവും ഇന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് തിരിക്കും. അവിടെ ഐതിഹാസികമായ ആംബർ കൊട്ടാരം സന്ദർശിച്ചതിനു ശേഷം രാജസ്ഥാൻ അന്താരാഷ്ട്ര സെന്ററിൽ നടക്കുന്ന യുഎസ്-ഇന്ത്യ വ്യാപാര ഉച്ചകോടിയിൽ പ്രഭാഷണം നടത്തും.
അമേരിക്കയിലെയും ഇന്ത്യയിലെയും ഉന്നത അധികൃതർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഉഭയകക്ഷി വ്യാപാര കരാറിനെയും ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപങ്ങളെയും കുറിച്ചു വാൻസ് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം നാളെ താജ്മഹൽ സന്ദർശിക്കാനായി ആഗ്രയിലേക്ക് തിരിച്ചതിനു ശേഷം അന്നുതന്നെ ജയ്പുരിൽ തിരിച്ചെത്തി ജയ്പുർ സിറ്റി പാലസ് സന്ദർശിക്കും. വ്യാഴാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങും.