ആമയൂർ കൂട്ടക്കൊലപാതകം ; പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
Wednesday, April 23, 2025 2:11 AM IST
ന്യൂഡൽഹി: ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. 2008ൽ ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ കേരള ഹൈക്കോടതി ശരിവച്ചിരുന്നു.
എന്നാൽ, ജയിലിലെ പ്രതിയുടെ നല്ല നടപ്പ് പരിഗണിച്ച് സുപ്രീംകോടതി ജഡ്ജിമാരായ വിക്രംനാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വധശിക്ഷ റദ്ദാക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കിയെങ്കിലും ജീവിതാവസാനം വരെ പ്രതി തടവുശിക്ഷ അനുഭവിക്കണമെന്നു കോടതി വ്യക്തമാക്കി.
2008 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ ലിസി, മക്കളായ അമലു, അമൽ, അമല്യ , അമന്യ എന്നിവരെ പ്രതി റെജികുമാർ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറന്പിലും വീടിനുള്ളിലും ഒളിപ്പിച്ചു.
കൊലപാതകത്തിനുമുന്പ് മൂത്തമകൾ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പോലീസ് കണ്ടെത്തിയിരുന്നു. 2009 ൽ പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി റെജികുമാറിന് വധശിക്ഷ വിധിച്ചു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കുറ്റകൃത്യത്തിന്റെ സ്വഭാവവും നടപ്പിലാക്കിയ രീതിയും പ്രതിയെ വധശിക്ഷയ്ക്ക് അർഹനാക്കുന്നുവെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
കുറ്റകൃത്യം ക്രൂരവും അത്യപൂർവവുമാണെന്നും കീഴ്ക്കോടതി വിധിയിൽ തെറ്റില്ലെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. എന്നാൽ, ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അന്നത്തെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്യുകയും പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോർട്ട് കൈമാറാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നു ലഭിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നടപടി.