വെടിവച്ചു കൊല്ലുന്നതിനു മുമ്പ് ഭീകരർ നഥാനിയേലിനോട് ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെട്ടു
Thursday, April 24, 2025 2:40 AM IST
ഇൻഡോർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഇൻഡോറിൽനിന്നുള്ള എൽഐസി മാനേജരെ വെടിവച്ചു കൊല്ലുന്നതിനു മുമ്പ് ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെട്ടതായി ബന്ധുക്കൾ. എൽഐസി മാനേജർ സുശീൽ നഥാനിയേലിനെയാണ് (58) കൊല്ലപ്പെടുംമുമ്പ് ഭീകരർ പ്രവാചകസ്തുതിയായ കലിമ ചൊല്ലിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
മധ്യപ്രദേശ് അലിരാജ്പുരിൽ എൽഐസി മാനേജരായ സുശീൽ ഭാര്യ ജെന്നിഫർ (54), മകൻ ഓസ്റ്റിൻ (25) മകൾ ആകാൻഷ (35) എന്നിവരോടൊപ്പം ഈസ്റ്റർ ആഘോഷിക്കുന്നതിനാണ് കാഷ്മീരിലെത്തിയത്. ഭീകരാക്രമണത്തിൽ ആകാൻഷയ്ക്കും പരിക്കേറ്റിരുന്നു.
ഭീകരർ സുശീൽ നഥാനിയേലിനെ മുട്ടുകുത്തിനിർത്തിയ ശേഷം കലിമ ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ബന്ധു സഞ്ജയ് കുംരാവത് പറഞ്ഞു. സുശീലിന്റെ ഭാര്യയും മകനുമായും ഫോണിൽ സംസാരിച്ചിരുന്നു. ഭീകരർ സുശീലിന്റെ പേര് ചോദിച്ചശേഷം മുട്ടുകുത്താൻ പറഞ്ഞു. പിന്നീട് കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ താൻ ചെയ്യില്ലെന്ന് പറഞ്ഞതോടെ സുശീലിനെ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു.
പിതാവിനെ വെടിവയ്ക്കുന്നതുകണ്ട് സുശീലിനു നേർക്ക് ഓടിയടുത്ത മകൾ ആകാൻഷയ്ക്കു നേരെയും (35) ഭീകരർ വെടിയുതിർത്തു. ആകാൻഷയുടെ കാലിനാണു വെടിയേറ്റത്. കാഷ്മീരിൽ ചികിത്സയിലാണ് ആകാൻഷയെന്ന് സഞ്ജയ് കുംരാവത് പറഞ്ഞു. പഹൽഗാം ഭീകരർക്ക് കടുത്ത ശിക്ഷ നൽകണമെന്നും സുശീലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
സുശീലിന്റെ മൃതദേഹം ശ്രീനഗറിൽനിന്നു വിമാനമാർഗം ഇൻഡോറിലേക്ക് കൊണ്ടുവരുമെന്നും പരിക്കേറ്റ മകൾക്ക് പൂർണചികിത്സ നൽകുമെന്നും ഇൻഡോർ കളക്ടർ ആശിഷ് സിംഗ് അറിയിച്ചു.