രാജ്യമെങ്ങും പ്രതിഷേധം, ഭീകരർക്കായി വ്യാപക തെരച്ചിൽ
Thursday, April 24, 2025 2:55 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൂട്ടക്കൊലയ്ക്കിരയായതിൽ രാജ്യമെന്പാടും പ്രതിഷേധം അലയടിക്കുന്നു. ഭീകരർക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്കണമെന്ന ആവശ്യം രാജ്യമെങ്ങും ഉയർന്നു. പഹൽഗാമിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഭീകരർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തെരച്ചിൽ തുടങ്ങി.
സുരക്ഷാസേന ജമ്മു കാഷ്മീരിലെങ്ങും ജാഗ്രത തുടരുകയാണ്. വിവിധ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് പൂർണമായിരുന്നു. തെക്കൻ കാഷ്മീരിൽ ഇരുനൂറിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായും റിപ്പോർട്ടുണ്ട്. ഭീകരരെക്കുറിച്ച് വിവരം നല്കുന്നവർക്ക് അനന്ത്നാഗ് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേരാണെന്ന് ഇന്നലെ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. 26 പേരുടെയും മൃതദേഹങ്ങൾ സ്വദേശത്തേക്ക് എത്തിച്ചുതുടങ്ങി. മൃതദേഹങ്ങൾ ശ്രീനഗറിലെത്തിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു.
ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരണിൽ ഇന്നലെ അമിത് ഷാ സന്ദർശനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തി അദ്ദേഹം കണ്ടു. നിഷ്ഠുരമായ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. എൻഐഎ സംഘവും ഇന്നലെ ബൈസരണിലെത്തിയിരുന്നു.
ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ-ഇ-തൊയ്ബ സീനിയർ കമാൻഡർ സയ്ഫുള്ള കസുരിയാണെന്ന് സുരക്ഷാസേന അറിയിച്ചു. ആക്രമണം നടത്തിയ അഞ്ച് ഭീകരരെ തിരിച്ചറിഞ്ഞു. പാക്കിസ്ഥാൻകാരായ മൂന്നു ഭീകരരുടെ രേഖാചിത്രം ഇന്നലെ സുരക്ഷാസേന പുറത്തുവിട്ടു. കാഷ്മീരി സ്വദേശികളായ ആദിൽ ഗുരി, എഹ്സാൻ എന്നിവരും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നെന്നാണു വിവരം.
ആക്രമണസമയം ഭീകരർ ധരിച്ചിരുന്ന ഹെൽമറ്റുകളിൽ കാമറ ഘടിപ്പിച്ചിരുന്നതായും ഇവർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കുന്നതു തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. ബൈസരണിലെ ആക്രമണം 15 മിനിറ്റ് നീണ്ടുവെന്നും സ്റ്റീൽ ബുള്ളറ്റുകളാണ് ഉപയോഗിച്ചതെന്നും സ്ഥിരീകരണമുണ്ടായി.
ഇന്നു സർവകക്ഷി യോഗം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നു സർവകക്ഷി യോഗം ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലാണു യോഗം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്നാഥും സിംഗും വിവിധ പാർട്ടി നേതാക്കളോടു സംസാരിക്കും. സർവകക്ഷിയോഗം വിളിക്കണമെന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.