മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന് മന്ത്രി രാജണ്ണ
Monday, September 18, 2023 2:11 AM IST
കലാബുറാഗി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്നു കോൺഗ്രസിൽ ആവശ്യമുയർന്നു. സഹകരണ മന്ത്രി കെ.എൻ. രാജണ്ണയാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഹൈക്കമാൻഡുമായി ഇക്കാര്യം സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തീരുമാനമെടുക്കുക കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും താൻ അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ പറഞ്ഞു.
“രാജണ്ണ അദ്ദേഹത്തിന്റെ അഭിപ്രായമാണു പറഞ്ഞത്. ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക. ഒരു ഉപമുഖ്യമന്ത്രി മതിയെന്നാണു ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്. ഹൈക്കമാൻഡ് ഏതു തീരുമാനമെടുത്താലും അത് അംഗീകരിക്കും’’-സിദ്ധരാമയ്യ കലാബുറാഗിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വീരശൈവ-ലിംഗായത്ത്, പട്ടികജാതി/പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നു മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്നാണു മന്ത്രി രാജണ്ണയുടെ ആവശ്യം. വൊക്കലിഗ വിഭാഗക്കാരനായ ഡി.കെ. ശിവകുമാർ മാത്രമാണു നിലവിൽ കർണാടകയിൽ ഉപമുഖ്യമന്ത്രി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻകൂടിയാണു ശിവകുമാർ.
‘ഏക’ ഉപമുഖ്യമന്ത്രി
മേയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടിയിട്ടും ഏറെ ദിവസം കഴിഞ്ഞാണു കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിസ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ആവശ്യമുന്നയിച്ചതോടെ സർക്കാർ രൂപീകരണം ദിവസങ്ങളോളം നീണ്ടു. ഒടുവിൽ ശിവകുമാറിനെ ‘ഏക’ ഉപമുഖ്യമന്ത്രിയാക്കി സമവായത്തിലെത്തുകയായിരുന്നു. പുതിയ ആവശ്യത്തെ ശിവകുമാർ എതിർക്കുമെന്ന് ഉറപ്പാണ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണു കർണാടക. ഇവിടെനിന്നു പരമാവധി സീറ്റുകളാണു ലക്ഷ്യം. ബിജെപി-ജെഡിഎസ് സഖ്യത്തോടു പോരാടണമെങ്കിൽ കോൺഗ്രസ് സർവശക്തിയും പുറത്തെടുക്കേണ്ടി വരും. നിലവിൽ ഒരേയൊരു ലോക്സഭാ സീറ്റാണു കോൺഗ്രസിനുള്ളത്.
ഒന്നിലേറെ ഉപമുഖ്യന്ത്രിമാർ വേണമെന്ന മന്ത്രി രാജണ്ണയുടെ ആവശ്യത്തിൽ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രിയായ പരമേശ്വര ഇത്തവണയും ഉപമുഖ്യമന്ത്രിസ്ഥാനം മോഹിച്ചിരുന്നു. “നല്ല ഉദ്ദേശ്യത്തോടെയാണ് രാജണ്ണ ഇക്കാര്യം പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സമുദായക്കാരെയും വിശ്വാസത്തിലെടുക്കണം.
എന്നാൽ, തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്’’-പരമേശ്വര പറഞ്ഞു. പ്രമുഖ ദളിത് നേതാവായ പരമേശ്വരയാണ് ഏറ്റവും അധികകാലം കെപിസിസി പ്രസിഡന്റായിരുന്നത്. കോൺഗ്രസ്-ജെഡിഎസ് സർക്കാരിലാണ് പരമേശ്വര ഉപമുഖ്യമന്ത്രിയായിരുന്നത്. മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടായാൽ പരമേശ്വരയ്ക്കു സ്ഥാനം ഉറപ്പാണ്. ലിംഗായത്ത് നേതാവായ എം.ബി. പാട്ടീലും പരിഗണിക്കപ്പെടും.