മുതിർന്ന പൗരന്മാർക്ക് ആശ്വാസം
Sunday, February 2, 2025 2:41 AM IST
ന്യൂഡൽഹി: മുതിർന്ന പൗരന്മാരുടെ പലിശവരുമാനത്തിൽനിന്ന് നികുതി ഈടാക്കുന്നതിനുള്ള പരിധി ഇരട്ടിയാക്കി. 1,00,000 രൂപ പലിശ വരുമാനമുള്ള മുതിർന്ന പൗരന്മാരിൽനിന്നേ ഇനി ടിഡിഎസ് ഈടാക്കൂ.
നേരത്തേ 50,000 രൂപ പലിശവരുമാനമുള്ളവരിൽനിന്നാണ് നികുതി ഈടാക്കിയിരുന്നത്. പുതിയ ബജറ്റ് പ്രകാരം സ്ഥിരനിക്ഷേപവും സേവിംഗ്സ് അക്കൗണ്ടുമുള്ള മുതിർന്ന പൗരന്മാർക്ക് നികുതിപരിധി ഉയർത്തിയത് വളരെയധികം ഗുണകരമാകും.
വാടക വഴി ലഭിക്കുന്ന വരുമാനത്തിന്റെ ടിഡിഎസ് പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തേ വാടകവഴി 2.4 ലക്ഷം രൂപ വാർഷികവരുമാനം ലഭിക്കുന്നവരിൽനിന്ന് ടിഡിഎസ് ഈടാക്കിയിരുന്നെങ്കിലും ഇനിമുതൽ ആറു ലക്ഷം രൂപ വാർഷിക വരുമാനമുള്ളവരിൽ നിന്നു മാത്രമേ ടിഡിഎസ് ഈടാക്കുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. റൂമുകൾ വാടകയ്ക്കു നൽകി ജീവിക്കുന്ന മുതിർന്ന പൗരന്മാർക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം.