ട്രംപ് 2.0: ""സിലബസിനു പുറത്തെ വിദേശനയങ്ങൾ സ്വീകരിക്കേണ്ടിവരും'': വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇന്ത്യക്ക് സിലബസിനു പുറത്തെ ചില വിദേശനയങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
ട്രംപ് ഒരുപാട് മേഖലകളിൽ മാറ്റം വരുത്തും. ചില വിഷയങ്ങളിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കും. എന്നാൽ, ചില കാര്യങ്ങളിൽ ഇന്ത്യക്ക് ഗുണകരമാകുന്ന നയങ്ങളും ട്രംപ് സ്വീകരിക്കും. അദ്ദേഹം ഒരു അമേരിക്കൻ ദേശീയവാദിയാണെന്നാണ് താൻ വിശ്വസിക്കുന്നത്- ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
ഡൽഹി സർവകലാശാലയിലെ ഹൻസ്രാജ് കോളജിൽ വിദ്യാർഥികളുമായുള്ള സംവാദത്തിലാണ് രണ്ടാം ട്രംപ് സർക്കാരിനു കീഴിലെ ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധത്തെക്കുറിച്ചു ജയ്ശങ്കർ മനസ് തുറന്നത്.
അമേരിക്കയുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപുമായി മികച്ച വ്യക്തിഗത ബന്ധവുമുണ്ട്. ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ ഇന്ത്യയുടെ വിദേശനയം നമ്മുടെ ദേശീയ താത്പര്യത്തിനുസരിച്ച് നയിക്കപ്പെടുന്നതാണെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.