വിഐപി ദർശനം: ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
Saturday, February 1, 2025 1:54 AM IST
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ വിഐപികളുടെ ദർശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ദർശനത്തിന് വിഐപികൾക്ക് മുൻഗണന അനുവദിക്കുന്ന രീതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികളാണ് പരിഗണിക്കാൻ കോടതി വിസമ്മതിച്ചത്.
ഇത്തരത്തിൽ ദർശനത്തിന് മുൻഗണന നൽകുന്നതിനോട് അഭിപ്രായമില്ലെങ്കിലും ഹർജിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശങ്ങൾ നൽകുന്നതിന് തടസമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
വിഐപികൾ ആരാധനാലയങ്ങളിൽ പണമടച്ച് മുൻഗണനപ്രകാരം ദർശനങ്ങളും ആചാരങ്ങളും നടത്തുന്നതിനെതിരേയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ മുൻഗണന നൽകുന്പോൾ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ല.
400 മുതൽ 5000 രൂപ വരെ ഈടാക്കി വിഐപികൾക്ക് സന്ദർശനത്തിന് മുൻഗണന നൽകുന്പോൾ കിലോമീറ്ററുകൾ താണ്ടി വരുന്ന പാവപ്പെട്ട തീർഥാടകർക്ക് കൃത്യസമയത്ത് ദർശനം നടത്താൻ സാധിക്കില്ല. ഇങ്ങനെ പണം ഈടാക്കി ദർശനത്തിന് മുൻഗണന നൽകുന്നത് ഭരണഘടനപ്രകാരം അവകാശലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്.
കുംഭമേളയ്ക്കിടെയുണ്ടായ അപകടം വിഐപി ദർശനത്തെത്തുടർന്നാണെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്ന് കുംഭമേളയുമായി ബന്ധപ്പെട്ട് എല്ലാ വിഐപി പാസുകളും ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കുകയും ചെയ്തു.