സ്റ്റാർട്ടപ്പുകൾക്ക് 10,000 കോടി
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് 10000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വനിതകൾ, എസ്ടി, എസ്ടി വിഭാഗങ്ങൾ എന്നിവരിലെ അഞ്ചുലക്ഷം പുതുസംരംഭകർക്കായി അടുത്ത അഞ്ചു വർഷത്തേക്ക് രണ്ടു കോടി രൂപവരെ വായ്പ അനുവദിക്കും.
സ്റ്റാൻഡപ് ഇന്ത്യയിൽനിന്ന് ഊർജം ഉൾക്കൊണ്ടാകും പദ്ധതി നടത്തുക. സംരംഭകത്വ പരിശീലനമടക്കം സർക്കാർ നൽകും. ചെരുപ്പ് നിർമാണ മേഖലയ്ക്കും പ്രത്യേക ഊന്നൽ നൽകും. ഇതിനായി ചെരുപ്പ് നിർമാണ ലെതർ മേഖലയിൽ നയം രൂപീകരിക്കും. 22 ലക്ഷം പേർക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. 1.1 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.