വിദ്യാഭ്യാസത്തിന് 1.28 ലക്ഷം കോടി; മെഡിക്കൽ കോളജുകളിൽ 75,000 അധിക സീറ്റുകൾ
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: വിദ്യാഭ്യാസമേഖലയ്ക്ക് അനുവദിച്ചത് 1,28,650 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷത്തെ ബജറ്റിൽ വിദ്യാഭ്യാസത്തിനു നീക്കിവച്ചതിനെ അപേക്ഷിച്ച് 6.65 ശതമാനം വർധനയാണിത്. വിദ്യാഭ്യാസബജറ്റിലെ 61 ശതമാനം സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പിനും 39 ശതമാനം ഉന്നതവിദ്യാഭ്യാസ വകുപ്പിനുമാണ് നീക്കിവച്ചിരിക്കുന്നത്.
മെഡിക്കൽ പ്രൊഫഷണലുകളുടെ വർധിച്ചുവരുന്ന ആവശ്യകത പരിഹരിക്കാൻ അടുത്ത അഞ്ചു വർഷംകൊണ്ട് 75,000 അധികസീറ്റുകൾ ആരംഭിക്കും. ഇതിൽ 10,000 പുതിയ സീറ്റുകൾ അടുത്ത വർഷംതന്നെ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും ആരംഭിക്കാനാണു ധാരണ. 2013നുശേഷം സ്ഥാപിച്ച പാലക്കാട് ഉൾപ്പെടെ അഞ്ച് ഐഐടികളിൽ 6500 വിദ്യാർഥികളെക്കൂടി ഉൾക്കൊള്ളിക്കാനുള്ള അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാനും നിർദേശമുണ്ട്.
ഗ്രാമീണമേഖലയിലെ സർക്കാർ സെക്കൻഡറി സ്കൂളുകൾക്ക് ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്, ഓണ്‍ലൈൻ പഠനത്തിനായി പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുന്ന ഭാരതീയ ഭാഷാ പുസ്തക പദ്ധതി, നൈപുണ്യ വികസനത്തിനായി മികവിന്റെ അഞ്ചു കേന്ദ്രങ്ങൾ തുടങ്ങിയവ വിദ്യാഭ്യാസമേഖലയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.
ഐഐടി, ഐഐഎസ് എന്നിവിടങ്ങളിലെ സാങ്കേതിക ഗവേഷണത്തിനു പിന്തുണ നൽകാൻ പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി 10000 ഫെലോഷിപ്പുകൾ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.