വിവാദ പരാമർശം: കേജരിവാൾ വിശദീകരണം നൽകി
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: യമുനാ നദിയിൽ ഹരിയാനയിൽനിന്നു വിഷം കലർത്തുന്നുവെന്ന പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും വിശദീകരണം നൽകി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ.
ഹരിയാനയിൽനിന്ന് ഡൽഹിയിലേക്കു വിതരണം ചെയ്യുന്ന വെള്ളത്തിൽ അപകടകരമായ അളവിൽ അമോണിയ അടങ്ങിയിട്ടുണ്ടെന്നും ഇതിനെയാണ് പ്രസ്താവനകൊണ്ട് ഉദ്ദേശിച്ചതെന്നും കേജരിവാൾ വിശദീകരിച്ചു.
ഡൽഹി മുഖ്യമന്ത്രി അതിഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ, എഎപി നേതാവ് മനീഷ് സിസോദിയ എന്നിവരോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയാണ് കേജരിവാൾ വിശദീകരണം നൽകിയത്.
യമുനയെ വിഷമയമാക്കുന്ന ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് കേജരിവാൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഹരിയാനയിൽനിന്നുള്ള വെള്ളത്തിലെ കൂടിയ അളവിലുള്ള അമോണിയ കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി ഹരിയാന മുഖ്യമന്ത്രിയോട് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, അവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളുണ്ടായില്ലെന്നും കേജരിവാൾ കമ്മീഷനു നൽകിയ മറുപടിയിൽ വ്യക്തമാക്കി.
കേജരിവാളിന് വിശദീകരണം നൽകാൻ ക്ഷമാപൂർവം സമയം അനുവദിച്ചെന്നും വ്യക്തി നിന്ദകൾ പരിഗണിക്കാതെ മറുപടി വിശദമായി വിലയിരുത്തി തീരുമാനമെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.