കാർഷികമേഖലയ്ക്കുള്ളവിഹിതം കുറഞ്ഞു
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: കാർഷികമേഖലയ്ക്ക് മുൻഗണന നൽകിയും പ്രഖ്യാപനങ്ങൾ നടത്തിയുമായിരുന്നു നിർമലയുടെ ബജറ്റ് പ്രസംഗവും. ഇന്ത്യയുടെ വികസനയാത്രയിൽ ആദ്യ എൻജിൻ കൃഷിയാണെന്നു വ്യക്തമാക്കിയായിരുന്നു ധനമന്ത്രി ബജറ്റവതരണം ആരംഭിച്ചത്.
എന്നാൽ കർഷകർ നിരന്തരം ആവശ്യപ്പെടുന്ന വിളകൾക്കു മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കൽ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രി നടത്തിയില്ല. 1.27 ലക്ഷം കോടി രൂപയാണ് കാർഷികമേഖലയ്ക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച 1.31 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 2.9 ശതമാനത്തിന്റെ കുറവ്.
പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന, ബിഹാറിൽ മഖാന (താമര വിത്ത്) ബോർഡ്, പരുത്തിക്കൃഷി പ്രോത്സാഹിപ്പിക്കാൻ പഞ്ചവത്സര പദ്ധതി, ആസാമിൽ യൂറിയ പ്ലാന്റ്, പയറുവർഗങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ആത്മനിർഭരത പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി അഞ്ചു ലക്ഷമാക്കി ഉയർത്തൽ, പഴം-പച്ചക്കറി ഉത്പാദനവും വിപണനവും മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി തുടങ്ങിയവയാണു പ്രഖ്യാപനങ്ങൾ.
ധൻ ധാന്യ കൃഷി യോജന
വിള വൈവിധ്യവത്കരണം, വിളവെടുപ്പിനു ശേഷമുള്ള സംഭരണം, വായ്പാവിതരണം, ജലസേചനം പ്രോത്സാഹിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോടെ പ്രഖ്യാപിച്ച ധൻ ധാന്യ കൃഷി യോജന പദ്ധതി സംസ്ഥാനങ്ങളുമായി സഹകരിച്ച് തെരഞ്ഞെടുത്ത100 ജില്ലകൾ കേന്ദ്രീകരിച്ചു നടപ്പാക്കുമെന്നാണ് ബജറ്റിൽ പറയുന്നത്. പദ്ധതി 1.75 കോടി കർഷകർക്ക് ഉപകാരപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
മഖാന ബോർഡ്
ബിഹാറിലെ മഖാന ബോർഡാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ എന്ന് അറിയപ്പെടുന്ന മഖാന 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബിഹാറിലെ വിവിധ പ്രദേശങ്ങളിലാണ്. മഖാന കർഷകർക്കു കൈത്താങ്ങും പരിശീലന പിന്തുണയും നൽകാൻ ബോർഡിനാകുമെന്ന് മന്ത്രി വ്യക്തമാക്കി. കർഷകർ ഏറെ ഉപയോഗിക്കുന്ന ബിഹാറിലെ മിതിലാഞ്ചൽ കനാൽ പദ്ധതിക്ക് സാന്പത്തികസഹായം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പരുത്തിക്കൃഷിയുടെ ഉത്പാദനക്ഷമതയിലും സുസ്ഥിരതയിലും മെച്ചപ്പെടുത്തലുകൾ സാധ്യമാക്കുമെന്നും ഇതിനായി അഞ്ചു വർഷത്തെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മത്സ്യബന്ധനത്തിനായി പ്രത്യേക ചട്ടക്കൂട്
ഇന്ത്യയുടെ പ്രത്യേക സാന്പത്തിക മേഖലയിൽനിന്നും സ്വതന്ത്ര സമുദ്രമേഖലയിൽനിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനായി ചട്ടക്കൂട് രൂപീകരിക്കും. ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പുതിയ സാധ്യതകൾ തുറന്നുകിട്ടുമെന്നും മന്ത്രി പറഞ്ഞു.
യൂറിയ സബ്സിഡിക്ക് വിഹിതം കുറച്ചു
രാസവളങ്ങളിൽ പ്രധാനമായ യൂറിയയ്ക്ക് സബ്സിഡി നൽകുന്നതിനുള്ള ബജറ്റ് വിഹിതത്തിൽ കുറവു വരുത്തി. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 1,19,001 കോടി രൂപ നീക്കിവച്ചിരുന്ന സ്കീമിൽ ഇക്കുറി 1,18,900 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2023-24ൽ 1,23,092 കോടി രൂപ ചെലവഴിച്ച സ്കീമാണിത്.
ജൽ ജീവൻ വിഹിതം 67,000 കോടി
ജൽ ജീവൻ പദ്ധതിക്ക് വിഹിതം 67,000 കോടി രൂപ. 2028 വരെ ദൗത്യം നീട്ടി. ഗ്രാമീണ ജനസംഖ്യയുടെ 80 ശതമാനം വരുന്ന 15 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ കീഴിൽ കുടിവെള്ള പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കുന്നുണ്ടെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 ശതമാനം കവറേജ് കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ 2023-24ൽ ഈ പദ്ധതിക്ക് 69,992 കോടി രൂപ ചെലവഴിച്ചിരുന്നു. 2024-25 ബജറ്റിൽ 70,163 കോടി നീക്കിവച്ചു. 2024-25 പുതുക്കിയ ബജറ്റിൽ 22,694 കോടിയാണ് ഉൾപ്പെടുത്തിയത്.