ബജറ്റിൽ റിക്കാർഡിട്ട് നിർമല
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: എട്ടു തവണ തുടർച്ചയായി കേന്ദ്രബജറ്റ് അവതരിപ്പിച്ചതോടെ ചരിത്രം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഏഴു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്റെ റിക്കാർഡാണ് നിർമല മറികടന്നത്.
ഏഴ് സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമല അവതരിപ്പിച്ചത്. 1951നും 56 നും ഇടയിൽ തുടർച്ചയായി ആറ് സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് ദേശ്മുഖ് അവതരിപ്പിച്ചത്.
ഏഴ് സന്പൂർണ ബജറ്റുകൾ അവതരിപ്പിച്ചതോടെ ആറു തവണ തുടർച്ചയായി സന്പൂർണ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റിക്കാർഡും നിർമല മറികടന്നു. എന്നാൽ, ആകെ പത്ത് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായി തന്നെയാണ് സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും തവണ ബജറ്റ് അവതരിപ്പിച്ചത്.
1959 മുതൽ 64 വരെ ആറും 1967 മുതൽ 69 വരെ നാലും ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചത്. ഒന്പത് തവണ ബജറ്റ് അവതരിപ്പിച്ച പി. ചിദംബരമാണ് കൂടുതൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രിമാരിൽ രണ്ടാം സ്ഥാനത്ത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കൊപ്പം മൂന്നാം സ്ഥാനത്താണു നിർമല.