മൂന്നാമത്തെ സാന്പത്തികശക്തിയായി രാജ്യം മാറുന്നു: രാഷ്ട്രപതി
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ സാന്പത്തികശക്തിയായി ഇന്ത്യ ഉടൻ മാറുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യവെയാണ് രാഷ്ട്രപതി രാജ്യത്തിന്റെ വികസനങ്ങൾ എണ്ണിപ്പറഞ്ഞത്.
മൂന്നാം മോദിസർക്കാർ മൂന്നിരട്ടി വേഗത്തിലാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. വഖഫ് ബില്ലുകൾ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ വലിയ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
അടുത്തിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവർക്കും രാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു.
പരിഷ്കരിക്കുക, പ്രവർത്തിക്കുക, പരിവർത്തനം നടത്തുക തുടങ്ങിയവ രാജ്യത്തിന്റെ വികസനത്തിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാക്കുകളാണെന്ന് രാഷ്ട്രപതി പറഞ്ഞു. ജി20, ബ്രിക്സ് തുടങ്ങിയ ബഹുമുഖ ഫോറങ്ങളിലൂടെ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ നേതൃപാടവവും കഴിവും പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്നു കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാൻ തീരുമാനിച്ചു. സ്ത്രീശക്തീകരണം, വ്യവസായ മേഖല, ബാങ്കിംഗ്, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ രാജ്യം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചതായും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തെ മധ്യവർഗത്തെ കൂടുതലും അഭിസംബോധന ചെയ്യുന്ന തരത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. എന്നാൽ സർക്കാരിന്റെ വരുംകാല പദ്ധതികളോ നയങ്ങളോ നയപ്രസംഗത്തിൽ രാഷ്ട്രപതി പ്രഖ്യാപിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്.