എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ കേന്ദ്രങ്ങൾ
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: ബജറ്റിൽ ആരോഗ്യമേഖലയ്ക്കു നീക്കിവച്ചിരിക്കുന്നത് 99,858.56 കോടി രൂപ. കഴിഞ്ഞ സാന്പത്തികവർഷം കേന്ദ്രം മേഖലയ്ക്ക് വകയിരുത്തിയ 90,958.63 കോടി രൂപയിൽ നിന്ന് 9.78 ശതമാനം വർധന. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്നു വർഷംകൊണ്ട് ഡേ കെയർ കാൻസർ കേന്ദ്രങ്ങൾ നിർമിക്കുമെന്നാണ് പ്രധാന വാഗ്ദാനം.
അടുത്ത സാന്പത്തികവർഷം രാജ്യത്ത് 200 കാൻസർ കേന്ദ്രങ്ങൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് അർബുദബാധിതരുടെ എണ്ണത്തിലുണ്ടായ വൻ വർധനയുടെ പശ്ചാത്തലത്തിലാണു ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് 9406 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ദേശീയ ആരോഗ്യ മിഷന് 37,226.92 കോടി രൂപയും ആരോഗ്യമേഖലയിലെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 20,046.07 കോടി രൂപയും നീക്കിവച്ചു. മെഡിക്കൽ ടൂറിസത്തിനും"ഹീൽ ഇൻ ഇന്ത്യ’പദ്ധതിക്കും കൂടുതൽ പ്രോത്സാഹനം നൽകിയതും 36 ജീവൻരക്ഷാ മരുന്നുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന നികുതി ഇളവും ആരോഗ്യമേഖലയുടെ ഉത്തേജനം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാണ്.
എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സജ്ജീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2014-15 സാന്പത്തികവർഷത്തിൽ ആരോഗ്യപരിചരണ മേഖലയ്ക്കായി നീക്കിവച്ചിരുന്ന 34,286 കോടി രൂപയിൽനിന്ന് 191 ശതമാനം വർധനയാണ് കേന്ദ്രം ഈ വർഷം ഈ മേഖലയ്ക്കു നൽകിയിരിക്കുന്ന വിഹിതം.