ജോർജ് കുര്യന്റെ പ്രതികരണം വിവാദമായി
Sunday, February 2, 2025 2:41 AM IST
ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കേരളം പിന്നാക്കമാണെന്നു പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് ജോർജ് കുര്യൻ ഡൽഹിയിൽ പറഞ്ഞു.
പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ മറുപടി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ-സാമൂഹിക-അടിസ്ഥാനസൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്നു പറയട്ടെ, അപ്പോൾ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.
നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ. എയിംസ് ബജറ്റിലല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകിക്കഴിഞ്ഞാൽ മുൻഗണനയനുസരിച്ച് എയിംസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.